മിനസോട്ടയിലെ പ്രതിഷേധക്കാരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കരുതെന്ന് യുഎസ് കോടതി
മിനസോട്ട: യുഎസ് നഗരമായ മിനസോട്ടയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങള്‍ നടത്തരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പിടികൂടുകയോ തടയുകയോ ചെയ്യാന്‍ പാടില്ലെന്നാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി കാതറൈന്‍ മെനെന്‍ഡസിന്റെ ഉത്തരവ്. പെപ്പര്‍ സ്‌പ്രേ പോലുള്ള മാരകമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മിനിയപോലിസ് സ്വദേശിയായ റെനീ ഗുഡിനെ ജനുവരി ഏഴിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നതാണ് മിനസോട്ടയിലെ പ്രതിഷേധത്തിന് കാരണം. പ്രതിഷേധക്കാര്‍ക്കെതിരായ മാരകമായ ആക്രമണങ്ങളാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് സൊമാലി-അമേരിക്കനായ അമേരിക്കന്‍ പൗരന്‍ അബ്ദിഖാദര്‍ നൂറും മറ്റ് അഞ്ചുപേരുമാണ് കോടതിയില്‍ ഹരജി നല്‍കിയത്. തന്നെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നും ഒരു കാറിലിട്ട് മണിക്കൂറില്‍ 85 മൈല്‍ വേഗത്തില്‍ ഓടിച്ചെന്നും നൂര്‍ ചൂണ്ടിക്കാട്ടി. സൊമാലികള്‍ മിനസോട്ടയെ കൊള്ളയടിച്ചു എന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ധക്കോട്ടയിലെ റെഡ് ഇന്ത്യന്‍ വംശമായ ഒഗ്‌ലാലയില്‍ നിന്നുള്ള ആറു പേരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതും വിവാദത്തിന് കാരണമായിട്ടുണ്ട്. യൂറോപ്പില്‍ നിന്നും വെള്ളക്കാര്‍ അമേരിക്കയില്‍ എത്തി അധിനിവേശം നടത്തുന്നതിന് മുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്നവരുടെ പിന്‍ഗാമികളാണ് ഇവര്‍.