വിചാരണക്കോടതി ജഡ്ജി പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിച്ചു; കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതെവിട്ട് ഹൈക്കോടതി
കൊച്ചി: വിചാരണക്കോടതി ജഡ്ജിക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജി ചീഫ് എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ അയാളെ വെറുതെവിടുകയാണെന്നും ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. കുറ്റാരോപിതന്‍ ഇതുവരെ 14 വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്.
കുന്നേല്‍പീടിക എന്ന സ്ഥലത്തെ റോയല്‍ കിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചെന്ന കേസിലെ പ്രതിയായ സി ജി ബാബു എന്നയാള്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2011 സെപ്റ്റംബറില്‍ നടന്ന കൊലപാതകത്തില്‍ 2019 ഒക്ടോബറിലാണ് വിചാരണ പൂര്‍ത്തിയായത്. ബാബുവിനെ കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തെളിവുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടി ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ മുഖ്യസാക്ഷികളെ വിസ്തരിക്കാന്‍ ജഡ്ജി അനുവദിച്ചില്ലെന്നും ബാബു വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തപ്പോള്‍ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്‌തെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇത് വലിയ പ്രശ്‌നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ''സെഷന്‍സ് ജഡ്ജിയുടെ പ്രവൃത്തി നിയമവിരുദ്ധവും അനീതിയുമാണ്. വാദം തെളിയിക്കാന്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിനും വാദിഭാഗത്തിനും അവകാശമുണ്ട്. ഇവിടെ ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിച്ചു. തെളിവ് നിയമത്തിലെ 165ാം വകുപ്പ് പ്രകാരം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിക്കാനാവില്ല.''-കോടതി പറഞ്ഞു. കേസിന്റെ വിചാരണക്കാലയളവില്‍, ഏഴു വര്‍ഷം കുറ്റാരോപിതന് ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2012 സെപ്റ്റംബറില്‍ പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനായില്ലെന്നും കോടതി കണ്ടെത്തി.