കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് സബ് എഡിറ്ററായ കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശി ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കോഴിക്കോട് - വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12.50നായിരുന്നു അപകടം. ഓഫിസില്‍നിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്ര ജീവനക്കാരന്‍ അസീസ് അല്‍ഭുദകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്. സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.