അവര്‍ക്ക് എന്റെ രക്തത്തിന് ദാഹം'' ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ അവസാന സന്ദേശം പുറത്ത്
പുല്‍പ്പള്ളി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ (57) അവസാന വിഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിനു തലേന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ വിളിച്ചു വരുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. 'എന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട ആളുകള്‍ സമൂഹത്തില്‍നിന്ന് എന്നെ ഇല്ലാതാക്കാന്‍, എന്റെ രക്തത്തിനായി ദാഹിക്കുന്നു'-വീഡിയോയില്‍ ജോസ് നെല്ലേടം പറയുന്നു. ''സമൂഹത്തില്‍ ഞാന്‍ വലിയ അഴിമതിക്കാരനാണെന്നു ചിത്രീകരിച്ചു. ഒരു കാര്യവും അനര്‍ഹമായി കൈപ്പറ്റിയിട്ടില്ല. വ്യക്തി എന്ന നിലയില്‍ ആരോപണങ്ങള്‍ താങ്ങാന്‍ കഴിയുന്നില്ല. ആളുകളെ സഹായിക്കാതെ തള്ളിക്കളഞ്ഞിട്ടില്ല. പരിഷ്‌കൃത സമൂഹത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നില്ല''-വിഡിയോ സന്ദേശത്തില്‍ പറയുന്നു.
കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കള്ളക്കേസില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ 17 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് ജോസ് നെല്ലേടം ജീവനൊടുക്കിയത്. ജോസ് അടക്കമുള്ളവര്‍ക്ക് കള്ളക്കേസില്‍ പങ്കുണ്ടെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെ വീടിനു തൊട്ടടുത്തുള്ള കുളക്കരയില്‍ വച്ചു വിഷലായനി കഴിച്ച ജോസ് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും കാലില്‍ കയര്‍ കെട്ടുകയും ചെയ്ത ശേഷം കുളത്തിലേക്കു ചാടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസി കുഞ്ചറക്കാട്ട് ബെന്നിയാണ് ജോസിനെ കരയ്ക്കു കയറ്റിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍ പലപ്പോഴും പാര്‍ട്ടിയില്‍നിന്നു പുറത്തായെങ്കിലും സ്വതന്ത്രനായി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് ജോസ് നെല്ലേടം തന്റെ ജനസ്വീകാര്യത തെളിയിച്ചിരുന്നു.
