കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ഏറ്റവും ചുരുങ്ങിയത് 13 സീറ്റ് വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. ഒന്നോ രണ്ടോ സീറ്റ് അധികം ചോദിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞതവണ എല്‍ഡിഎഫ് അവിടെ ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ മാണി കേരള കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസ് ജയിച്ച ചില മണ്ഡലങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എല്‍ഡിഎഫ് ജയിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കില്‍ ജയിച്ചേനെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പല ജില്ലകളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇടത് മുന്നണിക്കാകെ ഉണ്ടായ പരാജയമാണത്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്ന് കേരള കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിഞ്ഞു''-അദ്ദേഹം പറഞ്ഞു. പാലായില്‍ താന്‍ മത്സരിക്കുമെന്ന സൂചനയും വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ.മാണി നല്‍കി. പാലായില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
