നിരോധിത സംഘടനകളുമായി ബന്ധമെന്ന കേസ്; മൂന്നുപേരെ വെറുതെവിട്ട് ജമ്മുകശ്മീര്‍ കോടതി
ശ്രീനഗര്‍: ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത മൂന്നുപേരെ കോടതി വെറുതെവിട്ടു. വാജിദ് അഹമദ് ഭട്ട്, മസ്‌റത്ത് ബിലാല്‍, റമീസ് അഹമ്മദ് ദര്‍ എന്നിവരെയാണ് പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്. 2022 ഒക്ടോബര്‍ പത്തിന് ബതാമലൂ ചെക്ക്‌പോയിന്റിന് സമീപം നടത്തിയ വാഹനപരിശോധനയില്‍ പ്രതികളില്‍ നിന്ന് രണ്ടു ഗ്രനേഡുകളും ഒരു എകെ 47 മാഗസിനും 30 തിരകളും 47,500 രൂപയും പിടിച്ചെടുത്തുവെന്നാണ് പോലിസ് ആരോപിച്ചിരുന്നത്. അല്‍ ബദര്‍ എന്ന സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പോലിസ് ആരോപിച്ചു. കേസ് തെളിയിക്കാന്‍ 11 സാക്ഷികളെയാണ് പോലിസ് ഹാജരാക്കിയത്. എന്നാല്‍, പ്രതികളെ എങ്ങനെ പിടികൂടി, അവരില്‍ നിന്ന് എന്തൊക്കെ പിടിച്ചെടുത്തു എന്നൊക്കെ തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ കേസില്‍ സ്വതന്ത്രവും സഹായകരവുമായ തെളിവുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു.