ജിം ട്രെയിനറുടെ മരണം: ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു

Update: 2025-11-06 04:01 GMT

തൃശൂര്‍: വടക്കാഞ്ചേരി ഒന്നാം കല്ലില്‍ ജിം ട്രെയ്‌നര്‍ മരിച്ചതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടത്തിലും വ്യക്തമായില്ല. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. ഇരുപത്തിയെട്ടുകാരനായ മാധവ് ഇന്നലെയാണ് മരിച്ചത്. ശരീര സൗന്ദര്യ മല്‍സരങ്ങളില്‍ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ട്. മസിലുകള്‍ ബില്‍ഡ് ചെയ്യാന്‍ മാധവ് മരുന്നുകള്‍ എന്ന് വിളിക്കപ്പെടുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. വിദേശനിര്‍മിത രാസവസ്തുക്കളും സിറിഞ്ചും കിടപ്പുമുറിയില്‍ നിന്ന് പോലിസിന് ലഭിച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ നാലു മണിക്ക് ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകനായി പോവുന്നയാളായിരുന്നു മാധവ്. ഇന്നലെ പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.