കര്‍ണിസേന നേതാവ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍

Update: 2025-04-21 13:33 GMT

റാഞ്ചി: ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ രജ്പുത് കര്‍ണിസേനയുടെ ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് വിനയ് സിങ് വെടിയേറ്റുമരിച്ചു. ജാംഷഡ്പൂരിലെ ബലിഗുമ പ്രദേശത്തെ ഒരു ദാബയുടെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയില്‍ ആയിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു പിസ്റ്റളും കണ്ടെത്തി. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാനായില്ലെന്ന് പോലിസ് അറിയിച്ചു. 2017 മുതല്‍ കര്‍ണിസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളെ ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതിയും നല്‍കി.

കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണിസേന പ്രവര്‍ത്തകര്‍ ദേശീയപാത-33 ഉപരോധിച്ചു. മരിച്ചയാളുടെ ഇടതു കൈയ്യില്‍, തോക്കില്‍ നിന്നും വെടിയുണ്ട പുറത്തുപോവുമ്പോള്‍ ഉണ്ടാവുന്ന പൊടി കണ്ടതായി എസ്പി റിഷബ് ഗാര്‍ഗ് പറഞ്ഞു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിക്കുകയാണ്. കൈയ്യിലെ കരി ആത്മഹത്യയാണെന്ന സൂചന നല്‍കുന്നു, തലയിലേറ്റ വെടി കൊലപാതകമാണെന്ന സൂചനയും നല്‍കുന്നു. ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ലെന്നും എസ്പി പറഞ്ഞു.