വഖ്ഫ് ഭേദഗതി നിയമത്തിന് ജെഡിയു പിന്തുണ; മുന്‍ എംഎല്‍എ മുജാഹിദ് ആലം പാര്‍ട്ടി വിട്ടു

Update: 2025-04-20 01:21 GMT

പറ്റ്‌ന: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെ ജെഡിയു പിന്തുണച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ മുജാഹിദ് ആലം പാര്‍ട്ടി വിട്ടു. വഖ്ഫ് നിയമഭേദഗതിയെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ കണ്ടിരുന്നതായും അവര്‍ അക്കാര്യം പരിഗണിച്ചില്ലെന്നും മുജാഹിദ് ആലം വെളിപ്പെടുത്തി.

സീമാഞ്ചല്‍ പ്രദേശത്തെ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു മുജാഹിദ് ആലം. കൊച്ചധമില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായ മുജാഹിദ് ആലം കിഷന്‍ഗഞ്ചിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഇയാള്‍ക്കൊപ്പം നൂറുകണക്കിന് അനുയായികളും പാര്‍ട്ടി വിട്ടിട്ടുണ്ട്. ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനും തിരഞ്ഞെടുപ്പ് വിദഗ്ദനുമായ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം ആലവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും റിപോര്‍ട്ടുണ്ട്. വഖ്ഫ് ബില്ലിനെ അനുകൂലിച്ചതിനെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള 20 നേതാക്കളാണ് ഇതുവരെ ജെഡിയു വിട്ടത്.