ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കില്ല; ട്രംപിനെ തള്ളി ജപ്പാനും
പശ്ചിമേഷ്യന്‍ യുദ്ധത്തിലേക്ക് ലോക രാജ്യങ്ങളെ വലിച്ചിഴക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദ്ധതി പാളുന്നു. ഫ്രാന്‍സിന് പിറകെ ഡോണാള്‍ഡ് ട്രംപിന്റെ ആവശ്യം നിരാകരിച്ച് ജപ്പാനും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, യുദ്ധക്കപ്പലുകള്‍ അയക്കുന്നതിന് വിദൂര സാധ്യത പോലും ഇല്ലെന്ന് ജപ്പാന്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ ജപ്പാന്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതിനുള്ള പരിധി ''വളരെ ഉയര്‍ന്നതാണ്'' എന്നായിരുന്നു
ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി യുടെ നയപ്രധാനിയായ കൊബയാഷി പറഞ്ഞത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപ് ജപ്പാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളോട് ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്കുശേഷമാണ് ജപ്പാന്‍ പ്രതികരണം നടത്തിയത്.
'നിലവിലുള്ള ജാപ്പനീസ് നിയമങ്ങള്‍ പ്രകാരം ആ പ്രദേശത്തേക്ക് നാവികസേനയെ അയയ്ക്കുന്നതിനുള്ള പരിധി ഞാന്‍ കാണുന്നത് വളരെ ഉയര്‍ന്നതാണ്.'' ജപ്പാനിലെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ എന്‍എച്ച്‌കെയോട് സംസാരിക്കുമ്പോള്‍ കൊബയാഷി പറഞ്ഞു.
'നിയമപരമായി പറയുമ്പോള്‍ അതിന്റെ സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇത്തരമൊരു തീരുമാനം വളരെ ജാഗ്രതയോടെ പരിഗണിക്കേണ്ടതാണ്.' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജപ്പാന്റെ ഭരണഘടനയും നിയമങ്ങളും രാജ്യത്തിന് യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് വളരെ പരിമിതപ്പെടുത്തുന്നു. അതിനാല്‍ വിദേശ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് നാവികസേനയെ അയക്കാന്‍ എളുപ്പമല്ല. അത്തരം നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി, നിയമപരമായ വ്യവസ്ഥകള്‍, ദേശീയ സുരക്ഷാ വിലയിരുത്തല്‍ ഇവയെല്ലാം ആവശ്യമാണ്. മേഖല ഇപ്പോള്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശമാണ്. അവിടെ കപ്പലുകള്‍ അയച്ചാല്‍ ജപ്പാന്‍ നേരിട്ട് യുദ്ധത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് 'പരിധി വളരെ ഉയര്‍ന്നതാണ്' എന്ന് പറഞ്ഞത്.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാര്‍ഗങ്ങളിലൊന്നായ ഹോര്‍മുസ് മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരിക്കെയാണ് ജപ്പാന്റെ ഈ നിലപാട് ശ്രദ്ധ നേടുന്നത്.
ഹോര്‍മുസിലേക്ക് 10 പടക്കപ്പലുകള്‍ അയക്കുമെന്ന വാര്‍ത്ത ഫ്രാന്‍സും നിഷേധിച്ചിരുന്നു. ഫ്രാന്‍സും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കാന്‍ വരുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുകയാണെന്നും ഹോര്‍മുസിലേക്ക് അയച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ എന്നിവയാണ് ഫ്രഞ്ച് നിലപാടെന്നും ഭീതിപരത്തല്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ ജലപാതയിലേക്ക് നാവിക കപ്പലുകള്‍ അയയ്ക്കാന്‍ പാരീസിന് പദ്ധതിയില്ലെന്ന് ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിന്‍ വ്യക്തമാക്കി. ഫ്രാന്‍സ് 24 ന് നല്‍കിയ അഭിമുഖത്തില്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ ഫ്രാന്‍സ് പങ്കെടുക്കുന്നില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
'ഈ ഘട്ടത്തില്‍, ഹോര്‍മുസ് കടലിടുക്കിലേക്ക് ഒരു കപ്പലുകളും അയയ്ക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല,' മന്ത്രി പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു, ആഗോള ഊര്‍ജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തി.
സംഘര്‍ഷത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് വൗട്രിന്‍ പറഞ്ഞു. 'അന്തിമ ഫലം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,' വാഷിംഗ്ടണും ടെല്‍ അവീവും തേടുന്ന ആത്യന്തിക ലക്ഷ്യത്തെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. രണ്ട് സഖ്യകക്ഷികള്‍ക്കും ഒരേ ലക്ഷ്യങ്ങളാണോ ഉള്ളതെന്ന് അവര്‍ ചോദിച്ചു.
'നിങ്ങള്‍ക്ക് കാണാന്‍ കഴിയും, യുദ്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് രാജ്യങ്ങളുണ്ട്, അവര്‍ക്ക് കൃത്യമായ ഒരേ പദ്ധതികളുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല,' അവര്‍ പറഞ്ഞു. 'അപ്പോള്‍ അമേരിക്കക്കാര്‍ യുദ്ധം നിര്‍ത്തിയാല്‍, ഇസ്രായേലികള്‍ അതേ സമയം യുദ്ധം നിര്‍ത്തുമോ? അത് ഇപ്പോഴും ഞങ്ങളുടെ ഒരു ചോദ്യമാണ്.' ഫ്രാന്‍സിന്റെ മുന്‍ഗണന നയതന്ത്രം മാത്രമാണെന്ന് വൗട്രിന്‍ പറഞ്ഞു. 'ഇതൊരു നയതന്ത്ര ദൗത്യമാണെന്നായിരുന്നു ഞങ്ങളുടെ ചിന്ത,' അവര്‍ പറഞ്ഞു, 'ഫ്രാന്‍സ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല' എന്ന് ആവര്‍ത്തിച്ചു.
യുദ്ധം 16ാം ദിവസത്തിലേക്ക് കടന്നതോടെ ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവരും മറ്റുള്ള രാജ്യങ്ങളും ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് യുദ്ധക്കപ്പലുകള്‍ അയച്ചുവെന്ന അഭ്യൂഹം പരന്നത്. ഈ വാര്‍ത്ത ഫ്രാന്‍സ് നിഷേധിച്ചിരിക്കുകയാണിപ്പോള്‍.
അതിനിടെ, ഹോര്‍മുസ് പൂര്‍ണമായി അടച്ചില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് പൂര്‍ണമായി അടച്ചിട്ടില്ലെന്നും യുഎസ്, ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ മാത്രമാണ് പ്രതിരോധിക്കുന്നതെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി ഇറാന്‍ യുദ്ധത്തിലല്ല, യുഎസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖില്‍ ഉള്‍പ്പടെ യുഎസ് സൈനിക താവളങ്ങളും ഇസ്രായേല്‍-യുഎസ് ബന്ധമുള്ള പ്രമുഖ സ്ഥാപനങ്ങളും ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്.

