ജനതാദള്‍ സംസ്ഥാന ട്രഷറര്‍ സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു

Update: 2025-09-22 12:02 GMT

തിരുവനന്തപുരം: ജനതാദള്‍ സംസ്ഥാന ട്രഷറര്‍ സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു. ഈരാറ്റുപേട്ടയില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സിബി തോട്ടുപുറത്തിന് പാര്‍ട്ടി അംഗത്വം നല്‍കി. അദ്ദേഹം 1990 മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു വരികയായിരുന്നു. വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സിബി തോട്ടുപുറം ജനതാദളിനെ പ്രതിനിധീകരിച്ച് 25 വര്‍ഷമായി പാലായിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നു.


മൂന്നര പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് എസ്ഡിപിഐ എന്ന് സിബി തോട്ടുപുറം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ജോര്‍ജ് മുണ്ടക്കയം, വി എം ഫൈസല്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ്, അലോഷ്യസ് കൊള്ളാന്നൂര്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചു.

ചലച്ചിത്ര നിര്‍മ്മാതാവ്് കൂടിയാണ് സിബി തോട്ടുപുറം. 2013ല്‍ ഒരു യാത്രയില്‍, കിളി പോയി, ഹണീ ബീ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2, ഹായ് അയാം ടോണി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടലറല്‍, 2018ല്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രങ്ങളും നിര്‍മ്മിച്ചു. ഫഹദ് ഫാസില്‍, നെടുമുടി വേണു, ഷറഫുദ്ദിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.