മുസ്‌ലിം പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുണ്ടാക്കിയ ഖുശ്ബു പാണ്ഡെയും സംഘവും അറസ്റ്റില്‍
പറ്റ്‌ന: ബിഹാറിലെ ജാമുയ് ജില്ലയിലെ ജാഝ പ്രദേശത്ത് മുസ്‌ലിം പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുണ്ടാക്കിയ ഹിന്ദുത്വ പ്രവര്‍ത്തക ഖുശ്ബു പാണ്ഡെ അടക്കം പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ഹനുമാന്‍ ഭജന നടത്തുകയും ചെയ്ത് സംഘര്‍ഷമുണ്ടാക്കിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെയെല്ലാം റിമാന്‍ഡ് ചെയ്തു. ഇനിയും 50ഓളം പേരെ പിടികൂടാനുണ്ട്. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഹിന്ദുത്വരെ പിടികൂടിയ പശ്ചാത്തലത്തില്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കുമെന്ന് ജാമുയ് മജിസ്‌ട്രേറ്റ് അഭിലാഷ ശര്‍മ പറഞ്ഞു. പള്ളിയ്ക്ക് സമീപത്തെ സംഘര്‍ഷം തടയുന്നതില്‍ വീഴ്ച വരുത്തിയ ഒരു പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയും ഹിന്ദു സ്വാഭിമാന്‍ എന്ന സംഘടനയും ചേര്‍ന്നാണ് പോലിസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഹനുമാന്‍ ഭജന നടത്തിയ ശേഷമാണ് ഹിന്ദുത്വര്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതും പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖുശ്ബു പാണ്ഡെക്ക് പുറമെ ബിജെപി നേതാവും ജാമുയ് മുന്‍സിപ്പില്‍ കൗണ്‍സില്‍ വൈസ്പ്രസിഡന്റുമായ നിതീഷ് കുമാര്‍ സാഹു അടക്കമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പള്ളിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതിന് അകത്തിരുന്ന് പ്രകോപനപരമായ രീതിയില്‍ സംസാരിക്കുന്ന ഖുശ്ബു പാണ്ഡെയുടെ വീഡിയോയും പുറത്തുവന്നു. മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് ഖുഷ്ബു പാണ്ഡെക്കെതിരെ നിരവധി കേസുകളുണ്ട്.
