ഐ ലവ് മുഹമ്മദ് ബാനറുകള്‍ കുറ്റകൃത്യമാക്കുന്നത് ഭരണഘടനാ വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

Update: 2025-09-26 13:40 GMT

ന്യൂഡല്‍ഹി: ഐ ലവ് മുഹമ്മദ് ബാനറുകള്‍ കുറ്റകൃത്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മാലിക് മുഅതസിം ഖാന്‍. ബാനറുകള്‍ ഉയര്‍ത്തിയതിന് വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളെ അദ്ദേഹം അപലപിച്ചു.

''മുഹമ്മദ് നബി കാരുണ്യത്തിന്റെ സന്ദേശവാഹകനാണ്. അദ്ദേഹത്തോടുള്ള സ്‌നേഹ പ്രകടനങ്ങളെ കുറ്റകരമാക്കുന്നത് അങ്ങേയറ്റം ഖേദകരം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) (അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 25 (മനസ്സാക്ഷി സ്വാതന്ത്ര്യം, സ്വതന്ത്രമായ തൊഴില്‍, ആചാരം, മതപ്രചാരണം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് ഇത് വിരുദ്ധമാണ്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലും നബിദിനത്തില്‍ ഐ ലവ് മുഹമ്മദ് ബാനറുകള്‍ ഉയര്‍ത്തിയിരുന്നതായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ മൊഹല്ല സയ്യിദ് നഗര്‍ പ്രദേശത്തെ ജാഫര്‍ വാലി ഗലിയിലെ മുസ്‌ലിംകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐ ലവ് മുഹമ്മദ് ബാനറുകള്‍ പുതിയ രീതിയാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് കാണ്‍പൂര്‍ പോലിസ് പറയുന്നത്. അതിന് പിന്നാലെയാണ് 25 മുസ്‌ലിംകള്‍ക്കെതിരേ കേസെടുത്തത്. പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു ഇമാമുമാരും പ്രതികളാണ്. ഇമാം ഷബ്‌നൂര്‍ ആലം, ഷറാഫത്ത് ഹുസൈന്‍ എന്നിവരാണ് ഈ ഇമാമുമാര്‍. അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.