രാജസ്ഥാന്‍ മതപരിവര്‍ത്തന നിയമത്തിനെതിരേ കത്തോലിക് വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിംകോടതിയില്‍

Update: 2025-11-17 11:12 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന 'നിര്‍ബന്ധിത' മതപരിവര്‍ത്തന നിരോധന നിയമത്തെ ചോദ്യം ചെയ്ത് ജയ്പൂര്‍ കത്തോലിക് വെല്‍ഫെയര്‍ സൊസൈറ്റി സുപ്രിംകോടതിയെ സമീപിച്ചു. ഭരണഘടനയിലെ നിയമത്തിന് മുന്നിലെ തുല്യത, ആവിഷ്‌കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സ്വന്തം ഇഷ്ടപ്രകാരം മതം പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്ന് ഹരജി വാദിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാന്‍ ഈ നിയമം ഉപയോഗിക്കപ്പെടും. ' പൈതൃക മതത്തിലേക്ക്' തിരികെ പോവുന്നതിന് നിയമം തടസമല്ല. ഇത് ന്യൂനപക്ഷങ്ങളെ ഹിന്ദുമതത്തില്‍ ചേര്‍ക്കാനുള്ള ശ്രമമാണ്. ലഹരി വ്യാപാരം സംബന്ധിച്ച എന്‍ഡിപിഎസ് നിയമം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാനുള്ള പോക്‌സോ നിയമം എന്നിവ പോലെ കടുത്ത നിയമമാണ് മതപരിവര്‍ത്തനം തടയാന്‍ രൂപീകരിച്ചിരിക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.