വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത് ബിജെപി അനുകൂലി: ജഗദീശ് ഉയ്‌ക്കെയെ തേടി പ്രത്യേക സംഘം
'' തീവ്രവാദം: ഒരു രാക്ഷസ കൊടുങ്കാറ്റ്' എന്ന പുസ്തകമെഴുതിയ ഇയാള്‍ 2021 മുതല്‍ ഒളിവിലാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത് മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ജഗദീഷ് ഉയ്‌ക്കെയാണെന്ന് പോലിസ്. തീവ്രവാദം തടയാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പുസ്തകമെഴുതിയ ആളാണ് ഉയ്‌ക്കെ. നൂറുകണക്കിന് വിമാനങ്ങളുടെ യാത്ര മുടങ്ങാനും സുരക്ഷാ പ്രതിസന്ധിയുണ്ടാവാനും കാരണമായ ജഗദീഷ് ഒളിവിലാണെന്ന് നാഗ്പൂര്‍ പോലിസ് അറിയിച്ചു.
ഇയാള്‍ ബിജെപി അനുകൂലിയും കടുത്ത ഹിന്ദുത്വവാദിയും വര്‍ഗീയവാദിയുമാണെന്ന് വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകള്‍ ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലുണ്ട്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിറഞ്ഞിരിക്കുകയാണ്.
ബോംബ് ഭീഷണി മുഴക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതാണെന്ന് വ്യക്തമായതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ശ്വേത ഖേഡ്ക്കര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും കമ്മീഷണര്‍ രൂപീകരിച്ചു. ഉടന്‍ പിടിയിലാവുമെന്നാണ് സൂചന.
'' തീവ്രവാദം: ഒരു രാക്ഷസ കൊടുങ്കാറ്റ്' എന്ന പുസ്തകമെഴുതിയ ഇയാള്‍ 2021 മുതല്‍ ഒളിവിലാണ്. വ്യാജ ഇമെയില്‍ ഭീഷണികളില്‍ അക്കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മൂലമാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നത്.
ഇയാളുടെ പുസ്തകത്തെ കുറിച്ച് ഇ-കൊമേഴ്‌സ് വെബ്‌െൈസറ്റായ ആമസോണിലെ വിവരണം പറയുന്നത് ഇങ്ങനെ '' തീവ്രവാദത്തെ കുറിച്ചുള്ള എല്ലാ സത്യങ്ങളും ഈ പുസ്തകം നിങ്ങളുടെ മുന്നില്‍ കൊണ്ടുവരും. ഇതുവരെ ഒരു രാജ്യവും എഴുത്തുകാരനും പുറത്തുകൊണ്ടുവരാത്ത വിവരങ്ങളും ഉണ്ട്. നിങ്ങളെയും കുടുംബത്തെയും രാജ്യത്തെയും തീവ്രവാദത്തില്‍ നിന്ന് രക്ഷിക്കാന്‍ പുസ്തകം സഹായിക്കും. പുസ്തകത്തിന്റെ ലാഭത്തിന്റെ അമ്പത് ശതമാനം രാജ്യത്തിന് നല്‍കും''
തീവ്രവാദം തടയാന്‍ കഴിയുന്ന ഒരു രഹസ്യകോഡ് രൂപീകരിച്ചെന്നും ഇക്കാര്യം സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിയുടെ ഓഫീസ്, റെയില്‍മന്ത്രാലയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി, റെയില്‍വേ സംരക്ഷണ സേന തുടങ്ങിയ അധികൃതര്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നു. തന്റെ കണ്ടുപിടിത്തം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചു.
ഒക്ടോബര്‍ 28 വരെ 410 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി വന്നത്. നിരവധി വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. കൂടാതെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കേണ്ടി വന്നു. ഇത് കോടികളുടെ നഷ്ടമാണ് രാജ്യത്തിനും കമ്പനികള്‍ക്കുമുണ്ടാക്കിയിരിക്കുന്നത്.

