വ്യക്തിഗത താല്‍പര്യങ്ങള്‍ കോടതി നിരീക്ഷണങ്ങളായി അവതരിപ്പിക്കുന്നത് അന്യായം :മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

വംശീയതയും പരമത വിദ്വേഷവും പ്രചാരണ ആയുധമാക്കുന്നവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും കാണിക്കേണ്ടതുണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു

Update: 2022-05-17 07:34 GMT

കാസര്‍കോട്: വ്യക്തി താല്‍പര്യങ്ങളും വിഭാഗീയ ചിന്തകളും വിധിന്യായങ്ങളെ സ്വാധീനിക്കുന്നത് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സമീപകാലങ്ങളില്‍ ചില കോടതികളില്‍ നിന്നു വരുന്ന വിധിന്യായങ്ങള്‍ മുന്‍വിധികളോടെയും ചിലരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുമാണെന്നും ഇത് നീതിന്യായ സംവിധാനങ്ങളിലുള്ള പൗരന്മാരുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവിന്റെ ഭാര്യ നല്‍കിയ ഹരജിയില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി ഏറ്റുപറഞ്ഞ് കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്ഡിപിഐക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഇത്തരത്തിലുള്ളതാണ്. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും സാക്ഷ്യപ്പെടുത്താത്തതും യാതൊരു വസ്തുതകളുടെ പിന്‍ബലവുമില്ലാത്തതുമായ കാര്യം സ്വന്തം നിരീക്ഷണത്തെയും താല്‍പര്യത്തെയും അടിസ്ഥാനമാക്കിയായിരുന്നു പരാമര്‍ശിച്ചത്. നീതിയോടുള്ള പ്രതിബന്ധതയെക്കാളുപരിയായി ചിലരോടുള്ള വിധേയത്വവും പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടുന്നതായും പൗരന്മാരില്‍ സംശയമുണ്ടാക്കുന്നു. ബാബരി മസ്ജിദ് വിധിയിലും ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം മുദ്രവെച്ചുകൊണ്ടുള്ള വിധികളിലുമെല്ലാം ഇത് പ്രകടമാണെന്നും അഷ്‌റഫ് മൗലവി ചൂണ്ടിക്കാട്ടി.

വംശീയ വിദ്വേഷം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സിന്റെ വാദമുഖങ്ങള്‍ മാത്രമാണ് കോടതികള്‍ അംഗീകരിക്കുന്നതെന്ന തോന്നല്‍ പൗരസമൂഹത്തിനുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രതിസന്ധി അപരിഹാര്യമാണ്. കോടതികള്‍ക്ക് സമൂഹം വകവെച്ചു നല്‍കുന്ന ആദരവ് അതിന്റെ നീതിനിര്‍വഹണ സംവിധാനത്തോടുള്ള വിശ്വാസത്തിന്റെ പേരിലാണ്. ആ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുപോകലാണ് രാജ്യത്തോട് ജുഡീഷ്യറിക്ക് നിര്‍വഹിക്കാനുള്ള പ്രഥമവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉത്തരവാദിത്വം.

വംശീയതയും പരമത വിദ്വേഷവും പ്രചാരണ ആയുധമാക്കുന്നവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും കാണിക്കേണ്ടതുണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹോസങ്കടി, ജില്ലാ സെക്രട്ടറിയേറ്റംഗം ഖാദര്‍ അറഫ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News