തിരുവനന്തപുരം: ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ലോകം മുഴുവന്‍ ഭീകര താണ്ഡവമാടുന്ന ഇസ്രയേല്‍ ലോകസമാധാനത്തിനു ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പരമാധികാര രാഷ്ട്രങ്ങളില്‍ അതിക്രമം നടത്തുന്ന ഇസ്രയേലിന്റെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗസയെ നിലംപരിശാക്കി, അവിടുത്തെ കുരുന്നുകളെ വരെ അറുകൊലചെയ്തും ഭക്ഷണവസ്തുക്കള്‍ പോലും വിതരണം ചെയ്യാന്‍ അനുവദിക്കാതെ നൂറുകണക്കിന് ഫലസ്തീനികളെ ഇഞ്ചിഞ്ചായി കൊന്നുതള്ളിയുമാണ് ഇസ്രയേല്‍ സംഹാരതാണ്ഡവം തുടരുന്നത്. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ ഈ ഭീകരതയെ ആയുധവും പിന്തുണയും നല്‍കി ശക്തിപ്പെടുത്തുകയാണ്. ലോക സമാധാനത്തിന് രൂപം നല്‍കിയ യുഎന്‍ഒ പോലും പലപ്പോഴും നിശബ്ദമാവുകയോ നിസ്സഹായമാവുകയോ ചെയ്യുന്നത് ആശങ്കാജനകമാണ്. രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണം. ഖത്തറിനു നേരെയുണ്ടായ ഇസ്രയേല്‍ ഭീകരാക്രമണം പ്രവാസികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.