ഇസ്രായേലി ആക്രമണത്തില്‍ ലബനീസ് സര്‍വകലാശാലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ടിലെ ലെബനീസ് സര്‍വകലാശാലയില്‍ ഇസ്രായേലി ആക്രമണത്തില്‍ രണ്ട് അക്കാദമിക് വിദഗ്ധര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ബെയ്‌റൂട്ടില്‍ നടന്ന ആക്രമണത്തില്‍ സയന്‍സ് ഫാക്കല്‍റ്റി ഡയറക്ടര്‍ ഹുസൈന്‍ ബാസിയും പ്രഫസര്‍ മൊര്‍ട്ടഡ സറൂറുമാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ ഇതുവരെ 98 കുട്ടികളും 52 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. മൊത്തം് മരണസംഖ്യ 687 കടന്നു. മാര്‍ച്ച് രണ്ട് മുതലാണ് ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇതുവരെ 687 പേര്‍ കൊല്ലപ്പെട്ടതായി ലബ്‌നാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍ക്കോസ് നേരത്തെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടത്.
ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലബ്‌നാനിലെ ഹിസ്ബുല്ല ഇറാന് പിന്തുണയുമായി എത്തിയിരുന്നു. ഇതോടെ ലബ്‌നാനിന് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.