ഗസയിലെ ഇസ്രായേലി ചാരന്‍ യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു

Update: 2025-12-04 15:27 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേലി സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു. ഇസ്രായേലി സഹായത്തോടെ ഗസയിലേക്കുളള സഹായ ട്രക്കുകള്‍ കൊള്ളയടിച്ചിരുന്നയാളാണ് യാസര്‍ അബൂ ശബാബ്. ഇയാള്‍ പോപ്പുലര്‍ ഫോഴ്സ് ഗ്രൂപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാജ്യദ്രോഹം, സായുധ കലാപം, സായുധ സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗസ ഭരണകൂടം യാസര്‍ അബൂ ശബാബിനെതിരേ ചുമത്തിയിരുന്നു. ഇസ്രായേലി സൈന്യത്തിന്റെ ക്യാംപുകള്‍ക്ക് അകത്ത് റഫയിലും കരാം അബു സലേം ക്രോസിങിലുമാണ് യാസറിന്റെ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗസയിലെ പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അബു ശബാബ് ഗോത്രത്തിലാണ് യാസര്‍ ജനിച്ചത്. പക്ഷേ, പ്രതിരോധത്തെ എതിര്‍ത്തതിനാല്‍ യാസറിനെ ഗോത്രം പുറത്താക്കിയിരുന്നു. അവന്റെ രക്തത്തിന് ഇനി കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് അബൂ ശബാബ് കുടുംബം മുന്‍പ് അറിയിച്ചിരുന്നു.

യാസര്‍ അബു ഷബാബിനെ ആരാണ് കൊന്നതെന്ന് ഇതുവരെ വ്യക്തമല്ലെന്ന് അല്‍ ജസീറയിലെ ഹാനി മഹ്‌മൂദ് പറഞ്ഞു. മയക്കുമരുന്ന് കടത്തിലും സഹായം കൊള്ളയടിക്കലിലും അബു ഷബാബും സംഘവും ഗസയില്‍ കുപ്രസിദ്ധരാണെന്ന് മഹ്‌മൂദ് വിശദീകരിച്ചു. 'ഗസയുടെ വടക്കന്‍ ഭാഗത്തേക്ക് സഹായ ട്രക്കുകളുടെ പ്രവേശനം മനപൂര്‍വ്വം തടഞ്ഞു, അവിടെ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ ക്ഷാമവും പട്ടിണിയും നേരിടേണ്ടിവന്നു' എന്ന് മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു. ഹമാസുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ സേനയായ റാഡ 'ഞങ്ങള്‍ നിങ്ങളോട് പറഞ്ഞതുപോലെ, 'ഇസ്രായേല്‍ നിങ്ങളെ സംരക്ഷിക്കില്ല' എന്ന അടിക്കുറിപ്പോടെ അബു ഷബാബിന്റെ ഒരു ഫോട്ടോ ടെലിഗ്രാമില്‍ പോസ്റ്റു ചെയ്തു. ജൂലൈയില്‍, ഗസയിലെ ഒരു കോടതി അബു ഷബാബിന് രാജ്യദ്രോഹം, ശത്രുതാപരമായ സ്ഥാപനങ്ങളുമായി സഹകരിക്കല്‍, സായുധ സംഘം രൂപീകരിക്കല്‍, സായുധ കലാപം എന്നീ കുറ്റങ്ങള്‍ ചുമത്തി സ്വയം കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം നല്‍കിയിരുന്നു.