ജെറുസലേമില്‍ ക്രിസ്തുമത പ്രചരണം നടത്തിയ യുവതിക്ക് മേല്‍ വെള്ളമൊഴിച്ച് ജൂതന്‍മാര്‍ (VIDEO)

Update: 2025-03-12 14:54 GMT

തെല്‍ അവീവ്: ജെറുസലേമില്‍ മതപ്രചരണം നടത്തുകയായിരുന്ന ക്രിസ്ത്യന്‍ യുവതിക്ക് മേല്‍ വെള്ളമൊഴിച്ച് ജൂതന്‍മാര്‍. ഇത് ഇസ്രായേലാണെന്നും ജൂതന്‍മാരുടേതാണെന്നും പറഞ്ഞാണ് അക്രമികള്‍ ബഹളമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഫലസ്തീനിയായ യേശുക്രിസ്തു ജീവിക്കുകയും ശുശ്രൂഷ നടത്തുകയും കുരിശില്‍ തറയ്ക്കപ്പെടുകയും തിരിച്ചുവരുകയും ചെയ്യപ്പെട്ട സ്ഥലമാണ് ജെറുസലേം എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്ത്യാനികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. മലയാളികള്‍ അടക്കം നിരവധി ക്രിസ്ത്യന്‍ മതപ്രചാരകര്‍ ഇസ്രായേലിലുണ്ട്.ചിലര്‍ അവിടെ ഇരുന്ന് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുമുണ്ട്.

ക്രിസ്ത്യാനിയാണെന്ന് തെറ്റിധരിച്ച് ജൂത വനിതയെ കോടാലി കൊണ്ടു വെട്ടിയ ജൂതനെ ഫെബ്രുവരിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജെറുസലേമിലെ പഴയ നഗരത്തിലെ ക്രിസ്ത്യാനിയുടെ വീട്ടിലായിരുന്നു സംഭവം. ക്രിസ്ത്യന്‍ വിരുദ്ധതയാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തു.

2023ല്‍ 32 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ജൂതന്‍മാര്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഒരു സെമിത്തേരി തകര്‍ക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്ക് നേരെ തുപ്പുന്നതാണ് ജൂതന്‍മാരുടെ പ്രധാന വിദ്വേഷരീതിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ആഴ്ച്ചയില്‍ നിരവധി തവണ തുപ്പലിന് ഇരയാവുന്നതായി ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.