ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്

Update: 2025-04-20 02:00 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുകയായിരുന്നു ഒരു സയണിസ്റ്റ് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ ഗസയിലെ ബെയ്ത്ത് ഹാനൂനില്‍ നടന്ന സങ്കീര്‍ണ സൈനിക നടപടിയില്‍ ഇസ്രായേലി സൈന്യത്തിലെ ട്രാക്കറായ ഗാലെ സ്ലിമാന്‍ ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് പതിനെട്ടിന് ഇസ്രായേല്‍ അധിനിവേശം വീണ്ടും തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന ആദ്യ സൈനികനാണ് ഇയാള്‍.

ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുകയായിരുന്ന ഹമ്മര്‍ വാഹനത്തിന് നേരെ അല്‍ ഖസ്സം ബ്രിഗേഡിലെ സൈനികര്‍ ആര്‍പിജി വിടുകയായിരുന്നു. ഇതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ അവരെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയച്ചു. ഇസ്രായേലി സൈന്യത്തിന്റെ ഗസ ഡിവിഷന്‍ കമാന്‍ഡറായ കേണല്‍ ഓംരി മഷീഹായുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അവര്‍ എത്തിയപ്പോള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിച്ചു. ഇതില്‍ ട്രാക്കര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട ഇസ്രായേലി സൈന്യം യുദ്ധവിമാനത്തെ വിളിച്ചുവരുത്തി പ്രദേശത്ത് ബോംബിട്ടു.

കര വഴി അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ നേരിടാന്‍ ഹമാസ് പുതിയ തന്ത്രം രൂപീകരിച്ചെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഗസയുടെ വിവിധ പ്രദേശങ്ങളിലായി 20,000 ഹമാസ് പ്രവര്‍ത്തകരുണ്ടെന്നും അവര്‍ പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. ബെയ്ത്ത് ഹാനൂനില്‍ ഇസ്രായേലി സൈന്യം 'സുരക്ഷിതമാക്കിയ' പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. പുതുതായി രൂപീകരിച്ച്, 'സുരക്ഷിതമാക്കിയ' ബഫര്‍ സോണിന് അകത്തും കഴിഞ്ഞ ദിവസം സമാനമായ ആക്രമണം നടന്നിരുന്നു.