ഗസ സിറ്റി: ഇസ്രായേല്‍ അധിനിവേശം നടത്തിയ ഗസയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയ പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമുള്ളില്‍ ബോംബുകളുണ്ടെന്ന് ആരോഗ്യവകുപ്പ്. കുട്ടികളെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇസ്രായേലി സൈന്യം ഇത്തരം ബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബുര്‍ഷ് പറഞ്ഞു. ''പാവകളുടെ രൂപത്തിലാണ് ബോംബുകള്‍. വീടുകളും മറ്റും തകര്‍ത്ത ഇസ്രായേലി സൈന്യം ബോംബുകള്‍ കുട്ടികളില്‍ എത്താനും ശ്രമം നടത്തി. ഇസ്രായേലി സൈനികര്‍ പോയെങ്കിലും അവര്‍ കൊണ്ടുവച്ച ബോംബുകള്‍ ഭീഷണിയായി തുടരുന്നു. കുട്ടികളുടെ കൗതുകം മുതലെടുത്ത് അവരെ നശിപ്പിക്കലാണ് ലക്ഷ്യം.''-അദ്ദേഹം പറഞ്ഞു. പാവകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കുട്ടികളെ ആകര്‍ഷിക്കും. അത് എടുക്കുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കുന്നു. അത് കുട്ടികളുടെ കൈകാലുകള്‍ നഷ്ടപ്പെടാനും ശരീരം നശിക്കാനും കാരണമാവുന്നു. ഫലസ്തീനി കുട്ടികളുടെ കുട്ടിക്കാലം ഇല്ലാതാക്കലും കൂടിയാണ് സയണിസ്റ്റുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.