ഫലസ്തീനികളുടെ വധശിക്ഷ നടപ്പാക്കാന്‍ സഹകരിക്കില്ലെന്ന് ഇസ്രായേലി മെഡിക്കല്‍ അസോസിയേഷന്‍

Update: 2025-11-21 16:37 GMT

തെല്‍അവീവ്: ഫലസ്തീനി രാഷ്ട്രീയത്തടവുകാരുടെ വധശിക്ഷ നടപ്പാക്കാന്‍ സഹകരിക്കില്ലെന്ന് ഇസ്രായേലി മെഡിക്കല്‍ അസോസിയേഷന്‍. ഇസ്രായേലി അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീനികളെ ഭീകരവാദികളായാണ് ഇസ്രായേലി സര്‍ക്കാര്‍ കണക്കാക്കുന്നത്. അത്തരം ഭീകരവാദികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം അടുത്തിടെ ഇസ്രായേല്‍ പാസാക്കി. ഈ നിയമത്തിന്റെ ഭാഗമായ വധശിക്ഷകളില്‍ സഹകരിക്കില്ലെന്നാണ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് അസോസിയേഷന്‍ അറിയിച്ചു. പീഡനം, ക്രൂരത, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അംഗങ്ങള്‍ സഹകരിക്കരുതെന്നാണ് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്റെ ടോക്കിയോ പ്രഖ്യാപനം പറയുന്നത്. അതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ സഹകരിക്കില്ലെന്ന് മെഡിക്കല്‍ അസോസിയേഷന്റെ എത്തിക്‌സ് ബ്യൂറോ ചെയര്‍മാന്‍ ഡോ. യോസി വാല്‍ഫിഷ് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യവും സൗഖ്യവും ഉറപ്പുവരുത്തലാണ് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം വിശദീകരിച്ചു.

അസോസിയേഷന്റെ തീരുമാനത്തെ ഹമാസ് മുന്‍ നേതാവ് യഹ്‌യാ സിന്‍വാറിനെ ജയിലില്‍ ചികില്‍സിച്ച ഡോ. യുവാല്‍ ബിട്ടന്‍ പറഞ്ഞു.


'' ശരീരത്തിലെ പ്രശ്‌നങ്ങള്‍ സിന്‍വാര്‍ എന്നോട് പറഞ്ഞു. അത് പക്ഷാഘാതമാണെന്ന് ഞാന്‍ ആദ്യം കരുതിയത്. അങ്ങനെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് പരിശോധിച്ചപ്പോഴാണ് മസ്തിഷ്‌കത്തില്‍ വളര്‍ച്ച കണ്ടത്. അന്നു തന്നെ ശസ്ത്രക്രിയ നടത്തി. അങ്ങനെ ഒരു ജീവന്‍ രക്ഷിക്കാനായി. അല്ലെങ്കില്‍ സിന്‍വാര്‍ മരിക്കുമായിരുന്നു.''-ഡോ. യുവാല്‍ ബിട്ടന്‍ പറഞ്ഞു. ഗസയില്‍ തടവിലുള്ള ഇസ്രായേലി സൈനികന്‍ ഷാലിത്തിന് പകരം സിന്‍വാറിനെ വിട്ടുനല്‍കുന്ന ദിവസവും ബിട്ടന്‍ സിന്‍വാറിനെ കണ്ടിരുന്നു.