റോം: ഇറ്റലിയിലെ ജിറോ ഡെല്‍ എമിലിയയില്‍ ഒക്ടോബര്‍ നാലിന് നടക്കുന്ന സൈക്കിളിങ് മല്‍സരത്തില്‍ നിന്നും ഇസ്രായേലി ടീമിനെ വിലക്കി. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടി. സ്‌പെയ്‌നിലെ യുല്‍ട്ടയില്‍ നടന്ന പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു. ശക്തമായ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് സംഘാടകരുടെ വക്താവായ അഡ്രിയാനോ അമിസി പറഞ്ഞു. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലില്‍ നിന്നുള്ള ടീമുകളെ മല്‍സരത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള ബൊളോണ്‍ നഗരത്തിലെ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. ഗസയിലെ ക്രൂരതകളുടെ പശ്ചാത്തലത്തില്‍ നടപടി ഉചിതമായെന്ന് ഡെപ്യൂട്ടി മേയര്‍ റോബര്‍ട്ട ലി കാല്‍സി പറഞ്ഞു. ഇസ്രായേലി ശതകോടീശ്വരന്‍ സില്‍വന്‍ ആദംസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടീമാണ് മല്‍സരിക്കാന്‍ തയ്യാറെടുത്തിരുന്നത്. ഇസ്രായേലി പ്രീമിയര്‍ ടെക് എന്ന പേരിലായിരുന്നു ടീം. ഇസ്രായേല്‍ എന്ന വാക്ക് നീക്കം ചെയ്യാമെന്നും മല്‍സരിക്കാന്‍ അനുവദിക്കണമെന്നും ടീം ആവശ്യപ്പെട്ടു. എന്നാല്‍, സംഘാടകര്‍ വിസമ്മതിച്ചു.