ഗസ കീഴടക്കാനായില്ല; ഓപ്പറേഷന്‍ 'ഗിഡിയണ്‍ രഥങ്ങള്‍' ഇസ്രായേല്‍ അവസാനിപ്പിക്കുന്നു

Update: 2025-07-31 14:56 GMT

തെല്‍അവീവ്: ഗസ കീഴടക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ 'ഗിഡിയണ്‍ രഥങ്ങള്‍' ഇസ്രായേല്‍ അവസാനിപ്പിക്കുന്നു. രാഷ്ട്രീയമായും സൈനികമായും ഗസ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് മേയ് മാസത്തിലാണ് ഇസ്രായേല്‍ വന്‍ ആക്രമണങ്ങള്‍ നടത്തിയത്. ഖാന്‍യൂനിസ്, ഷെജയ്യ, അല്‍ സെയ്ത്തൂന്‍ എന്നീ പ്രദേശങ്ങളാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ തിരികെ കൊണ്ടുപോവലും ലക്ഷ്യമായിരുന്നു. എന്നാല്‍, ഈ ലക്ഷ്യം നേടാനാവാതെ സൈന്യം പിന്‍മാറുകയാണ്. ഇസ്രായേലി സൈന്യത്തിന്റെ 98ാം ഡിവിഷന്‍ ഇന്ന് ഗസ വിട്ടു. മന്ത്രിസഭ മുന്‍പ് പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും നേടാനാവാതെയാണ് സൈന്യം പിന്‍മാറുന്നതെന്ന് ഇസ്രായേലിലെ ചാനല്‍ 13 റിപോര്‍ട്ട് ചെയ്തു.

ഫലസ്തീനികളെ കൂട്ടത്തോടെ ക്യാംപുകളില്‍ പാര്‍പ്പിക്കുക, ഹമാസിന്റെ ഭരണസംവിധാനം തകര്‍ക്കുക, ഹമാസിന്റെ സൈനിക ശേഷി തകര്‍ക്കുക, തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ഒരു ലക്ഷ്യവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്ന് റിപോര്‍ട്ട് പറയുന്നു. ഓപ്പറേഷന്‍ ഗിഡിയണ്‍ രഥത്തിനെ നേരിടാന്‍ 'ദാവീദിന്റെ കല്ലുകള്‍' എന്ന ഓപ്പറേഷനാണ് ഹമാസ് നടത്തിയത്. ഈ ആക്രമണങ്ങളില്‍ 41 ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്ന് നടന്ന ഇസ്രായേലി സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സൈനിക മേധാവി ഇയാല്‍ സാമിറും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും തമ്മില്‍ തര്‍ക്കമുണ്ടായി. ഗസ പിടിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് ഇയാല്‍ പറഞ്ഞത്. ഇതിനോട് സ്‌മോട്രിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.