അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പ്രസംഗിക്കുമ്പോള്‍ സന്‍ആയില്‍ ഇസ്രായേലി വ്യോമാക്രമണം; പ്രസംഗം തുടര്‍ന്ന് അല്‍ ഹൂത്തി

Update: 2025-08-28 14:57 GMT

സന്‍ആ: യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെ സന്‍ആയില്‍ ഇസ്രായേലി വ്യോമാക്രമണം. സന്‍ആയില്‍ മാത്രം പത്തു പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് യെമനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുതിര്‍ന്ന അന്‍സാറുല്ല നേതാക്കള്‍ യോഗം നടത്തുന്ന ഹജ്ജാഹ് പ്രദേശത്തിന് അടുത്തും വ്യോമാക്രമണമുണ്ടായി. അന്‍സാറുല്ലയുടെ സെന്‍ട്രല്‍ ക്യാംപിന് സമീപത്തും പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപവും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ വിവരം അറിഞ്ഞിട്ടും സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പ്രസംഗം തുടര്‍ന്നെന്ന് യെമനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെയും അന്‍സാറുല്ല ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യെമനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുകയല്ലാതെ യെമനില്‍ നിന്നുള്ള ആക്രമണങ്ങള്‍ അന്‍സാറുല്ല അവസാനിപ്പിക്കാത്തത് ഇസ്രായേലിന് വലിയ തലവേദനയായി മാറിയിരിക്കുകയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഓരോ മിസൈലുകളും ഡ്രോണുകളും വിമാനത്താവളങ്ങള്‍ പൂട്ടാന്‍ കാരണമാവുന്നു. കൂടാതെ ലക്ഷക്കണക്കിന് ജൂതന്‍മാര്‍ ബങ്കറില്‍ ഒളിക്കേണ്ടിയും വരുന്നു.