ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേല്‍ നശിപ്പിക്കപ്പെടും: യുഎസ് ആര്‍മി മുന്‍ ജനറല്‍
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ യുഎസിനെ പ്രേരിപ്പിക്കുകയാണെന്ന് യുഎസ് ആര്‍മി മുന്‍ ജനറല്‍ കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍. ഒറ്റയ്ക്ക് ഇറാനെ ആക്രമിച്ചാല്‍ തങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് ഇസ്രായേലിന് അറിയാമെന്നും കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ പറഞ്ഞു. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍.
ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ യുഎസും അതില്‍ പങ്കുചേര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് ജൂണ്‍ 22ന് മൂന്ന് പ്രധാന ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാണ് യുഎസ് ആ സംഘര്‍ഷത്തില്‍ പ്രവേശിച്ചത്. ഇസ്രായേലിലെ സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചും ഖത്തറിലെ യുഎസ് താവളം ആക്രമിച്ചും ഇറാന്‍ തിരിച്ചടിച്ചു. അതോടെ അവര്‍ക്ക് വെടിനിര്‍ത്തല്‍ വേണ്ടിവന്നു.
''മാരകമായ ചില മിസൈലുകള്‍ ഇറാന്റെ കൈവശമുണ്ട്. താഡ്, പാട്രിയറ്റ്, തുടങ്ങി ഇസ്രായേലിന്റെ കൈവശമുള്ള ഒരു വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും അവയെ തകര്‍ക്കാനാവില്ല. യുദ്ധത്തില്‍ ഇസ്രായേല്‍ അത് മനസിലാക്കി. അതുകൊണ്ടാണ് അവര്‍ വെടിനിര്‍ത്തലിന് ശ്രമിച്ചത്.''-കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ പറയുന്നു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരണം കുറവായിരുന്നു. ജനവാസ മേഖലകളെ ആക്രമിക്കാതിരുന്നതാണ് അതിന് കാരണം. ഇറാനുമായി വീണ്ടും യുദ്ധം തുടങ്ങിയാല്‍, ഇസ്രായേല്‍ തകരുമെന്ന് തോന്നിയാല്‍, യുഎസ് സഹായത്തിന് എത്തുമെന്നാണ് നെതന്യാഹു വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
