ഇസ്രായേല്‍ സ്വദേശിനിയായ ഭാര്യയെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട യോഗ അധ്യാപകന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-05-14 03:02 GMT

കാസര്‍കോട്: ഇസ്രായേല്‍ സ്വദേശിയായ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ കോടതി വെറുതെവിട്ടയാള്‍ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം ഡീസന്റ് ജംക്ഷന്‍ കോടാലിമുക്കിനു സമീപം തിരുവാതിരയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെയാണ് (ചന്ദ്രശേഖരന്‍ നായര്‍-75) മേയ് 11നു കാസര്‍കോട് കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2023ല്‍ കൃഷ്ണചന്ദ്രന്‍ ഭാര്യ സത്വയെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. എന്നാല്‍, ഇയാളെ അറസ്റ്റ് ചെയ്ത് ചികില്‍സിച്ച് ആരോഗ്യം വീണ്ടെടുത്ത് വിചാരണ നടത്തി.

ഈ കേസില്‍ കൃഷ്ണചന്ദ്രനെ ഏപ്രില്‍ 30ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. കോടതി വിധി വന്നതിനു ശേഷം ഇയാള്‍ കാസര്‍കോടേക്കു പോയി. കഴിഞ്ഞ 7ന് ആനന്ദാശ്രമത്തിലെത്തിയ കൃഷ്ണചന്ദ്രന്‍ അവിടത്തെ അന്തേവാസിയായി. തുടര്‍ന്നു 11ന് ആശ്രമത്തിലെ എല്‍ ബ്ലോക്കിലെ 53ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സത്വ വിദേശത്തുനിന്നു യോഗ പഠിക്കുന്നതിനായി ഋഷികേശിലെത്തിയപ്പോഴാണ് വിമുക്തഭടനായ കൃഷ്ണചന്ദ്രനെ പരിചയപ്പെട്ടത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തി സന്ന്യസിക്കാനായി എത്തിയ കൃഷ്ണചന്ദ്രന്‍ യോഗ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ സത്വ പഠിക്കാനെത്തി. 15 വര്‍ഷം ഋഷികേശില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു.

2022ല്‍ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവദിവസം വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് കൃഷ്ണചന്ദ്രന്‍ സത്വയെ(35) കൊലപ്പെടുത്തിയശേഷം സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.