ഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍

Update: 2025-06-15 05:01 GMT

തെല്‍അവീവ്: ഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നിരവധി തവണ ഇസ്രായേലി രാഷ്ട്രീയ നേതൃത്വം യുഎസ് രാഷ്ട്രീയ നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് യുഎസ് മാധ്യമമായ ആക്‌സിയോം റിപോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവപദ്ധതികളെ തകര്‍ക്കാന്‍ സഹായിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കണമെങ്കില്‍ വലിയ ബോംബറും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വേണം. യുഎസിന്റെ ബി2 ബോംബറും ബങ്കര്‍ ബസ്റ്റര്‍ ബോംബും പ്രദേശത്തെ സൈനിക താവളത്തില്‍ തന്നെയുണ്ട്. ഇത് ഇറാനെതിരെ ഉപയോഗിക്കാനാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

എന്നാല്‍, ഇറാനെതിരെ നേരിട്ട് ആക്രമണം നടത്തേണ്ട എന്നാണ് യുഎസിന്റെ നിലപാട്. അത്തരമൊരു ആക്രമണം യുഎസിന്റെ സെനികത്താവളങ്ങളെ ഇറാന്‍ ആക്രമിക്കാന്‍ കാരണമായേക്കാം.എന്നാല്‍, ഫോര്‍ഡോ ആണവകേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇസ്രായേലിന്റെ യുദ്ധലക്ഷ്യം നേടിയില്ലെന്ന സ്ഥിതി വരും. ഈ പ്രതിസന്ധി മൂലമാണ് ഇസ്രായേല്‍ യുഎസിനെ യുദ്ധത്തിലേക്ക് ക്ഷണിക്കുന്നത്.