തെല്‍അവീവ്: സിനായ് പ്രദേശത്തെ ഈജിപ്തിന്റെ സൈനികവിന്യാസം തടയണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ഇസ്രായേല്‍. 1979ല്‍ യുഎസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട സമാധാന കരാറിന്റെ ലംഘനമാണ് ഇതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് പറഞ്ഞതായി യുഎസ് മാധ്യമമായ ആക്‌സിയോം റിപോര്‍ട്ട് ചെയ്തു. സിനായിയില്‍ ചെറുകിട ആയുധങ്ങള്‍ മാത്രമേ പാടുള്ളൂയെന്നാണ് കരാറെന്നും നിലവില്‍ ഈജിപ്ത് എയര്‍സ്ട്രിപ്പുകളും ഭൂഗര്‍ഭ അറകളും മറ്റും നിര്‍മിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചു. സിനായിയില്‍ യുദ്ധവിമാനം ഇറക്കാനാണ് ഈജിപ്തിന്റെ പദ്ധതിയെന്നും ഭൂഗര്‍ഭ അറകളില്‍ മിസൈലുകള്‍ സൂക്ഷിക്കുമെന്നും ഇസ്രായേല്‍ ആശങ്ക പ്രകടിപ്പിച്ചു. ഈജിപ്തുമായി നേരില്‍ വിഷയം സംസാരിച്ചിട്ട് ഫലമുണ്ടാവാത്തതിനാലാണ് യുഎസുമായി സംസാരിക്കാന്‍ കാരണം.
ഗസയില്‍ നിന്നും ഫലസ്തീനികളെ സിനായി പ്രദേശത്തേക്ക് തള്ളിവിടാന്‍ ഇസ്രായേലിന് പദ്ധതിയുണ്ടെന്ന് ഈജിപ്ത് കരുതുന്നു. അതിനാലാണ് സൈനിക വിന്യാസം നടത്തുന്നത്. 72 മണിക്കൂറിനുള്ളില്‍ യുദ്ധവിമാനങ്ങളും ടാങ്കുകളും എത്തിക്കാനുള്ള പദ്ധതിയാണ് ഈജിപ്ത് തയ്യാറാക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ ചൈനീസ് നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളും ഈജിപ്ത് സ്ഥാപിച്ചു കഴിഞ്ഞു.