സൈനികര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ ഇന്റലിജന്‍സെന്ന് ഇസ്രായേല്‍

Update: 2025-11-29 12:59 GMT

തെല്‍അവീവ്: തെക്കന്‍ സിറിയയില്‍ പ്രവേശിച്ച ഇസ്രായേലി സൈനികര്‍ക്കെതിരേ ആക്രമണം നടത്തിയത് സിറിയന്‍ സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധമുള്ളവരാണെന്ന് ഇസ്രായേല്‍. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയുടെ കീഴിലുള്ള ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന് എതിരെയാണ് ഇസ്രായേല്‍ ആരോപണം ഉന്നയിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്ന വിഭാഗങ്ങളെയും ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റുമായി ബന്ധമുള്ള സംഘങ്ങള്‍ ആക്രമിക്കുന്നതായും ഇസ്രായേല്‍ ആരോപിക്കുന്നു. രണ്ടു പേരെ പിടിക്കാനാണ് ഇസ്രായേലി സൈന്യം സിറിയയില്‍ കടന്നതത്രെ. അവരെ പിടിച്ചതിന് ശേഷം പോവുമ്പോള്‍ സായുധസംഘം ആക്രമിച്ചു. 200 മീറ്റര്‍ അടുത്തുനിന്നായിരുന്നു ആക്രമണമെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേലി സൈന്യത്തിലെ 13 എലൈറ്റ് സൈനികര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വ്യോമാക്രമണം നടത്തിയാണ് സൈനികരെ രക്ഷിക്കാനായത്.

അതേസമയം, സിറിയയെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി സിറിയയിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ഹംസ അല്‍ മുസ്തഫ പറഞ്ഞു. '' സിറിയയുടെ നിലവിലെ സ്ഥിതി മുതലെടുത്ത് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം സിറിയ ദുര്‍ബലമാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് നാണക്കേടില്ല. ഞങ്ങള്‍ സിറിയ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ഇസ്രായേലി അതിക്രമം നേരിടാന്‍ ഞങ്ങള്‍ സാധ്യമയതെല്ലാം ചെയ്യും.''-അദ്ദേഹം പറഞ്ഞു.