അയര്‍ലാന്‍ഡിലെ ഇസ്രായേല്‍ എംബസി പൂട്ടി
ഗസയിലെ വംശഹത്യക്കെതിരേ സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ കേസില്‍ അയര്‍ലാന്‍ഡ് കക്ഷി ചേര്‍ന്നതാണ് കാരണം.
ഡബ്ലിന്‍: അയര്‍ലാന്‍ഡിലെ ഇസ്രായേല്‍ എംബസി പൂട്ടി. ഗസയിലെ വംശഹത്യക്കെതിരേ സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ കേസില്‍ അയര്‍ലാന്‍ഡ് കക്ഷി ചേര്‍ന്നതാണ് കാരണം. അയര്‍ലാന്‍ഡ് സര്‍ക്കാര്‍ കടുത്ത ഇസ്രായേലി വിരുദ്ധനിലപാട് സ്വീകരിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചു.
അയര്‍ലാന്‍ഡ് എല്ലാ പരിധികളും ലംഘിച്ചതായി ഇസ്രായേലി വിദേശകാര്യമന്ത്രി ഗിദിയോണ്‍ സാര്‍ പറയുന്നു. പൂട്ടിയ എംബസിക്ക് പകരം യൂറോപ്യന്‍ രാജ്യമായ മൊളഡോവയില്‍ എംബസി തുറക്കാനാണ് തീരുമാനം.
അയര്‍ലാന്‍ഡ് മനുഷ്യാവകാശങ്ങളും സമാധാനത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് അയര്‍ലാന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. ഫലസ്തീനികള്‍ക്ക് അനുകൂലമായി നിരന്തരം പ്രകടനങ്ങള്‍ നടക്കുന്ന രാജ്യമാണ് അയര്‍ലാന്‍ഡെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസയിലെ വംശഹത്യയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍ഡിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അപ്പീല്‍ നല്‍കി. അറസ്റ്റ് വാറന്റ് ഇറക്കിയ ഉത്തരവ് നിയമം പാലിച്ചുള്ളതല്ലെന്ന് അപ്പീല്‍ പറയുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കാത്ത ഇസ്രായേലിന്റെ ഭരണാധികാരികള്‍ക്കെതിരേ അറസ്റ്റ് വാറന്റ് ഇറക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും അപ്പീലില്‍ ഇസ്രായേല്‍ വാദിക്കുന്നുണ്ട്.