''ആസ്‌ത്രേലിയയുടെ രാഷ്ട്രീയത്തില്‍ ഇസ്രായേല്‍ ഇടപെടരുത്'' നെതന്യാഹുവിനെതിരേ മുന്‍ പ്രധാനമന്ത്രി

Update: 2025-12-17 14:51 GMT

ലണ്ടന്‍: ഫലസ്തിന്‍ രാഷ്ട്രത്തെ ആസ്‌ത്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ചിലെ ആക്രമണവുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ആസ്‌ത്രേലിയയുടെ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ജൂതവിരുദ്ധത ആളിക്കത്തിക്കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് വിഷയത്തില്‍ മാല്‍ക്കം ടേണ്‍ബുള്‍ ഇടപെട്ടത്. നെതന്യാഹു തങ്ങളുടെ രാഷ്ട്രത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ആസ്‌ത്രേലിയ ബഹുസാംസ്‌കാരിക സമൂഹമാണെന്നും വിദേശ സംഘര്‍ഷങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റില്‍ ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച അല്‍ബനീസിന്റെ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ മാല്‍ക്കം ടേണ്‍ബുള്‍ പിന്തുണച്ചു. മധ്യപൂര്‍വ്വദേശത്തോ ലോകത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള യുദ്ധങ്ങള്‍ ഇവിടെ നടക്കില്ലെന്ന് ഉറപ്പാക്കണം. നെതന്യാഹു ചെയ്തതുപോലെ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് സഹായകരമല്ല. അങ്ങനെ ചെയ്താല്‍ തങ്ങള്‍ എന്തുനേടാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ നേര്‍വിപരീതമാണ് സംഭവിക്കുകയെന്നും മാല്‍ക്കം ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു.