183 ഫലസ്തീനികളെ വിട്ടയച്ച് ഇസ്രായേല്‍; 21 വര്‍ഷം ജയിലില്‍ അടച്ച ഹമാസ് നേതാവും തിരിച്ചെത്തി (വീഡിയോ)
റാമല്ല: മൂന്നു ജൂതന്മാര്‍ക്കു പകരം 183 ഫലസ്തീനികളെ വിട്ടയച്ച് ഇസ്രായേല്‍. ഫലസ്തീന്‍ വിമോചനപോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് ജീവപര്യന്തം തടവിനും ദീര്‍ഘകാല ശിക്ഷകള്‍ക്കും വിധിക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 42 പേരെ വെസ്റ്റ്ബാങ്കില്‍ എത്തിച്ചു. 27 പേരെ ഗസയില്‍ എത്തിച്ചു. 20 പേരെ ഈജിപ്തിനാണ് കൈമാറിയിരിക്കുന്നത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് കഴിഞ്ഞ 21 വര്‍ഷമായി ജയിലിലുള്ള ഇയാദ് അബു ശാഖ്ദാമും ഇന്ന് പുറത്തിറങ്ങി.
Freed Palestinian prisoners arrive to the city of Ramallah amidst thousands of cheering crowds welcoming them.
— The Cradle (@TheCradleMedia) February 8, 2025
(Occupied West Bank) pic.twitter.com/tAQJbiSgtr
2000-2005 കാലത്തെ രണ്ടാം ഫലസ്തീന്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ നിരവധി ഇസ്രായേലികളെ കൊലപ്പെടുത്തിയെന്ന കേസുകളില്‍ 18 ജീവപര്യന്തത്തിനാണ് ഇയാദിനെ ഇസ്രായേലി കോടതി ശിക്ഷിച്ചിരുന്നത്.
ഇയാദ്
2004ല്‍ ബീര്‍ഷെബ പ്രദേശത്ത് നടത്തിയ രണ്ടു രക്തസാക്ഷ്യ ഓപ്പേറഷനുകളില്‍ 16 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. നൂറില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാദാണെന്നാണ് ഇസ്രായേല്‍ ആരോപിച്ചത്. പിന്നീട് 2004 നവംബറില്‍ വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ ഇയാദിന് പത്തുതവണ വെടിയേറ്റിരുന്നു. ജയിലില്‍ കഴിയുന്ന കാലത്ത് സൈക്കോളജിയില്‍ ബിരുദവും നേടി.
റാമല്ലക്ക് സമീപത്തെ എല്‍ ബിരെഹ് ഗ്രാമത്തിന്റെ മേയറായിരുന്ന ഹമാസ് നേതാവ് ജമാല്‍ അല്‍ തവിലും മോചിതനായിട്ടുണ്ട്. വിവിധഘട്ടങ്ങളിലായി 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജമാലിനെ 2021ലാണ് അവസാനമായി ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയത്. രക്തസാക്ഷ്യ ഓപ്പറേഷനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ജയിലില്‍ കിടന്ന് മല്‍സരിച്ചാണ് ജമാല്‍ മേയറായത്.
ജമാല്‍
2001ല്‍ ജറുസലേമില്‍ നടന്ന രക്തസാക്ഷ്യ ഓപ്പറേഷനുകള്‍ പിന്നില്‍ ജമാലാണെന്നാണ് യുഎസ് കോടതിയില്‍ ഇസ്രായേലികള്‍ ഫയല്‍ ചെയ്ത കേസ് രേഖകള്‍ പറയുന്നത്. 11 ജൂതന്‍മാര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജമാലിന്റെ മകളും മാധ്യമപ്രവര്‍ത്തകയുമായ ബുഷറ അല്‍ തവിലിനെ തടവുകാരെ വിട്ടയക്കലിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ വിട്ടയച്ചിരുന്നു.

