ഗസയില്‍ ക്രിമിനലുകള്‍ക്ക് ഇസ്രായേല്‍ ആയുധം നല്‍കുന്നു: ഇസ്രായേല്‍ മുന്‍ പ്രതിരോധമന്ത്രി

Update: 2025-06-05 15:48 GMT

തെല്‍അവീവ്: ഗസയില്‍ ഹമാസിനെ എതിര്‍ക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കുന്നതായി മുന്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍. ഇക്കാര്യം ഇസ്രായേലി പ്രതിരോധമന്ത്രാലയത്തിലെ നിലവിലെ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ഗസയിലെ ഹമാസിന്റെ ഭരണത്തെ എതിര്‍ക്കുന്ന യാസര്‍ അബൂ ശബാബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇസ്രായേല്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നത്.


''പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഐഎസുമായി ബന്ധമുള്ള ഒരു കൂട്ടം കുറ്റവാളിള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കുന്നു.'' -അവിഗ്‌ദോര്‍ ലിബര്‍മാന്‍ ആരോപിച്ചു.


ഇസ്രായേലി സൈനികനിയന്ത്രണത്തിലുള്ള കേരേം ശലോം അതിര്‍ത്തി പോസ്റ്റിന് സമീപത്താണ് ഇപ്പോള്‍ യാസറിന്റെ സംഘം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ വിരുദ്ധ സംവിധാനം എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


ഇവര്‍ക്ക് കലാഷ്‌നിക്കോവ് തോക്കുകളും മറ്റുമാണ് ഇസ്രായേല്‍ സൈന്യം നല്‍കുന്നത്. വെസ്റ്റ്ബാങ്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ യാസറിന് പിന്തുണ നല്‍കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഈ വിഭാഗത്തെ നേരിടുമെന്ന് ഹമാസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഘത്തിന് നേരെ കനത്ത ആക്രമണം നടത്തിയിരുന്നു. ഗസയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ യാസറിനെ അബു ശബാബ് ഗോത്രം പുറത്താക്കിയിട്ടുണ്ട്.