ഫലസ്തീനി തടവുകാരെ വിട്ടയക്കുന്നത് മാറ്റിവച്ചെന്ന് ഇസ്രായേല്‍; ഹമാസ് ഇന്നലെ ആറു ഇസ്രായേലി തടവുകാരെ വിട്ടയച്ചിരുന്നു
തെല്‍അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ ഫലസ്തീനികളെ വിട്ടയക്കുന്നത് മാറ്റിവച്ച് ഇസ്രായേല്‍. ഇന്നലെ ഹമാസ് ആറ് ഇസ്രായേലി തടവുകാരെ വിട്ടയച്ചെങ്കിലും പകരമായി വിടേണ്ടിയിരുന്ന 602 ഫലസ്തീനികളെ ഇസ്രായേല്‍ ഇതുവരെയും വിട്ടിട്ടില്ല. കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്ന് ഉറപ്പുകിട്ടുന്നതു വരെ ഇവരെ വിടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതോടെ ഇസ്രായേലിലെ ഒഫര്‍ ജയിലില്‍ നിന്നും ഫലസ്തീനി തടവുകാരുമായി വെസ്റ്റ്ബാങ്കിലെ റാമല്ലയിലേക്ക് പുറപ്പെട്ട ബസുകള്‍ തിരികെ പോയി.
ഫലസ്തീനി തടവുകാരെ കാത്തിരിക്കുന്ന ബന്ധുക്കള്‍
വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാന്‍ നെതന്യാഹു ശ്രമിക്കുകയാണെന്ന് ഹമാസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബാസി നഈം ചൂണ്ടിക്കാട്ടി. '' വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനും അവര്‍ വൃത്തികെട്ട കളികള്‍ കളിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ഒപ്പിട്ട കരാറില്‍ ഫലസ്തീനികള്‍ ഉറച്ചുനില്‍ക്കും. കരാറിന് കീഴിലുള്ള കടമകള്‍ ചെയ്യുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടിട്ടും നൂറിലധികം ഫലസ്തീനികളെ കൊന്നവരാണ് അവര്‍. ''-ബാസിം നഈം പറഞ്ഞു.
ഏഴാം ബാച്ച് തടവുകാരെ വിട്ടയക്കുന്നത് മാറ്റിവച്ച ഇസ്രായേല്‍ നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ഖാനൗ പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് ഹമാസ് അറിയിച്ചതാണ്. എന്നിട്ടും ഇസ്രായേല്‍ കരാര്‍ലംഘനം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.