ഗസക്കാരെ സൊമാലിലാന്‍ഡിലേക്ക് മാറ്റാന്‍ നീക്കം: സൊമാലിയന്‍ മന്ത്രി

Update: 2026-01-11 13:06 GMT

മൊഗാദിഷു: ഗസയിലെ ഫലസ്തീനികളെ സൊമാലിലാന്‍ഡിലേക്ക് മാറ്റാന്‍ ഇസ്രായേല്‍ ശ്രമം നടത്തുന്നതായി സൊമാലി പ്രതിരോധമന്ത്രി അഹമദ് മുഅലിം ഫിഖി. ഇസ്രായേല്‍ പദ്ധതി തയ്യാറാക്കിയതായി വിവരം ലഭിച്ചെന്ന് ഫിഖി വെളിപ്പെടുത്തി. '' ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്.''-അദ്ദേഹം പറഞ്ഞു. സൊമാലിയയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൊമാലിലാന്‍ഡിനെ ഇസ്രായേല്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഫലസ്തീനികളെ സ്വീകരിക്കണം, ഏഥന്‍ തീരത്ത് സൈനിക താവളം അനുവദിക്കണം, എബ്രഹം ഉടമ്പടിയില്‍ ഒപ്പിടണം എന്നിവയാണ് ഇതിന്റെ വ്യവസ്ഥകള്‍.

പശ്ചിമേഷ്യയിലെ രാജ്യങ്ങളെ ഛിന്നഭിന്നമാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും ഫിഖി പറഞ്ഞു. '' സൊമാലിലാന്‍ഡിന് ഇസ്രായേല്‍ നല്‍കിയ അംഗീകാരം അതിന്റെ ഭാഗമാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള രാജ്യങ്ങളെ തകര്‍ക്കാനാണ് അവരുടെ പദ്ധതി. അതിന്റെ ഭാഗമായാണ് വടക്കുപടിഞ്ഞാറന്‍ സൊമാലിയയിലെ വിഘടനവാദികള്‍ക്ക് അവര്‍ പിന്തുണ നല്‍കുന്നത്. ''-ഫിഖി വിശദീകരിച്ചു.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അധിനിവേശ ജെറുസലേമില്‍ എംബസി സ്ഥാപിക്കുമെന്ന തീരുമാനം ലാറ്റിന്‍ അമേരിക്കാന്‍ രാജ്യമായ അര്‍ജന്റീന മരവിപ്പിച്ചു. സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഫാല്‍ക്ക്‌ലാന്‍ഡ് ദ്വീപുകളില്‍ ഇസ്രായേല്‍ ഖനനം നടത്താന്‍ തീരുമാനിച്ചതാണ് കാരണം.