ബാഗ്ദാദ്: ഇറാഖില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി സുരക്ഷാ-പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഇറാഖി പാര്‍ലമെന്ററി കമ്മിറ്റി. രഹസ്യാന്വേഷണ വിഭാഗങ്ങളും മറ്റു സുരക്ഷാ വിഭാഗങ്ങളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ട് ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ശിയാ അല്‍ സുഡാനി സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന് കൈമാറി. '' പ്രദേശത്ത് പുതിയ യുദ്ധമുന്നണി തുറക്കാന്‍ ഇസ്രായേല്‍ ആലോചിക്കുന്നു. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് ഇറാഖ് ആവാനാണ് സാധ്യത''-റിപോര്‍ട്ട് പറയുന്നു. ഇറാന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് ഇറാഖിനെ ഇസ്രായേല്‍ കാണുന്നത്. സിറിയയില്‍ നിന്നും ഇറാന്‍ പുറത്തായ ശേഷം ഇറാഖില്‍ നിന്നും ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുക. കൂടാതെ ഇറാഖിലെ ഖാതിബ് ഹിസ്ബുല്ലയും ഇസ്രായേലിന്റെ ലക്ഷ്യമാണ്. ഇസ്രായേലി ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിന് ഇറാഖി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
ഇസ്രായേലിനെ നേരിടാന്‍ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ സംയുക്ത സൈന്യം വേണമെന്ന് മുഹമ്മദ് ശിയാ അല്‍ സുഡാനി ദോഹയിലെ അറബ്-ഇസ് ലാമിക് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു.