ഇസ്രായേല്‍ സൈനിക വക്താവ് പദവിയില്‍ നിന്നും ഡാനിയേല്‍ ഹഗാരിയെ പുറത്താക്കി
ജെറുസലേം: ഇസ്രായേല്‍ സൈനികവക്താവ് പദവിയില്‍ നിന്നും റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരിയെ പുറത്താക്കി. ഗസ അധിനിവേശത്തില്‍ സയണിസ്റ്റ് സൈന്യത്തിന്റെ പ്രചാരണ മുഖമായി പ്രവര്‍ത്തിച്ച ഹഗാരിക്ക് സര്‍ക്കാരുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ സൈനിക മേധാവിയായി ചുമതലയേറ്റ മേജര്‍ ജനറല്‍ ഇയാല്‍ സാമിര്‍, ഡാനിയേല്‍ ഹഗാരിയെ സൈനിക വക്താവ് പദവിയില്‍ നിന്നും നീക്കിയത്. ഡാനിയേല്‍ ഹഗാരിക്ക് മേജര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ സൈന്യത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് ഡാനിയേല്‍ ഹഗാരി പ്രഖ്യാപിച്ചു.
ഇസ്രായേല്‍ നാവികസേനയുടെ ഷയെറ്ററ്റ് 13 യൂണിറ്റിന്റെ കമാന്‍ഡറായിരുന്ന ഡാനിയേല്‍ ഹഗാരി മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്നു. അതിനാലാണ് സൈനിക വക്താവായി നിയമിച്ചത്. എന്നാല്‍, ഇസ്രായേല്‍ സൈനികമേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുമായി ഡിസംബറില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. സൈനികരഹസ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നത് നിയമപരമാക്കുന്ന ബില്ലിനെ വിമര്‍ശിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യത്തില്‍ ഡാനിയേല്‍ ഹഗാരി ഇടപെടരുതെന്ന് യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രിമാര്‍ക്ക് എതിര്‍പ്പുള്ളവരെ വച്ച് സൈന്യവുമായി മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്ന് മേജര്‍ ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു.
