ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ ഇസ്രായേലി വ്യോമാക്രമണം. ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസിന്റെ ആയുധങ്ങള്‍ സൂക്ഷിച്ച ദെയ്ര്‍ അലി എന്ന സ്ഥലത്തെ ഗോഡൗണാണ് ആക്രമിച്ചതെന്ന് ഇസ്രായേലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, തെക്കന്‍ സിറിയയിലെ ക്യുനൈത്രിയ ഗവര്‍ണറേറ്റിലെ അല്‍ മൗലാഖാത്ത് പ്രദേശത്ത് അധിനിവേശത്തിനെത്തിയ ഇസ്രായേലി സൈനികര്‍ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സഹകരിച്ചാല്‍ പണവും മറ്റുസൗകര്യങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇസ്രായേലി സൈന്യം എത്തിയതെന്ന് അല്‍ മൗലാഖത്ത് മേയര്‍ ഖാദര്‍ ഉബൈദ പറഞ്ഞു. എന്നാല്‍, പ്രദേശവാസികള്‍ ഈ വാഗ്ദാനം തള്ളി. അധിനിവേശത്തിനെത്തിയവരില്‍ നിന്നും ഒരു സഹായവും സ്വീകരിക്കില്ലെന്നായിരുന്നു നിലപാട്.
സിറിയയില്‍ ഇസ്രായേലി ടാങ്കുകള്‍
സിറിയയും ഇസ്രായേലും തമ്മിലുള്ള അതിര്‍ത്തിയിലെ ബഫര്‍സോണ്‍ കടന്ന് ഇസ്രായേലി സൈന്യം സിറിയക്ക് അകത്ത് നിരവധി ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചതായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് ഫെബ്രുവരി രണ്ടിന് റിപോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ഒരു സൈനികത്താവളവും നിര്‍മിച്ചിട്ടുണ്ട്. ഈ താവളത്തെ ഗോലാന്‍ കുന്നുകളുമായി ബന്ധിപ്പിക്കാന്‍ പുതിയ റോഡും നിര്‍മിച്ചു.
