ഗസയില്‍ ഇസ്രായേല്‍ കൊന്നത് 257 ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെ

Update: 2025-12-03 12:55 GMT

ഗസ സിറ്റി: 2023 ഒക്ടോബര്‍ 7നു ശേഷം ഗസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം 257 ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ്. നിരവധി പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന പത്രപ്രവര്‍ത്തകന്‍ മഹ്‌മൂദ് വാദിയുടെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഏറ്റവും പുതിയ കണക്ക് പുറത്തുവന്നതെന്ന് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 2ന് ഖാന്‍ യൂനിസിനെതിരേ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്രപ്രവര്‍ത്തകന്‍ മഹ്‌മൂദ് വാദി കൊല്ലപ്പെട്ടു.

ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുകയും കൊലപ്പെടുത്തുകയുമാണ്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ്, ഫെഡറേഷന്‍ ഓഫ് അറബ് ജേണലിസ്റ്റ്‌സ് തുടങ്ങി വിവിധ ആഗോള മാധ്യമപ്രവര്‍ത്തക സംഘടനകളോട് 'ഗസയില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഈ തുടര്‍ച്ചയായ കുറ്റകൃത്യങ്ങളെ അപലപിക്കാന്‍' മീഡിയ ഓഫിസ് ആഹ്വാനം ചെയ്തു.

തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ മധ്യസ്ഥതയിലും അമേരിക്കയുടെ പിന്തുണയോടെയും ഒക്ടോബര്‍ 10ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും, ഇസ്രായേല്‍ സൈന്യം വ്യാപകമായ നിയമലംഘനങ്ങള്‍ തുടരുകയാണ്. ഗസ അധികൃതരുടെ അഭിപ്രായത്തില്‍, വെടിനിര്‍ത്തല്‍ കാലയളവില്‍ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്തി, നൂറുകണക്കിന് ഫലസ്തീനികളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു.