ഇസ്രായേലിന്റെ ഖനനം: മസ്ജിദുല്‍ അഖ്‌സ തകരുമെന്ന് ശെയ്ഖ് എക്രിമ സബ്രി

Update: 2025-10-25 12:07 GMT

അധിനിവേശ ജറുസലേം: അധിനിവേശ ജെറുസലേമില്‍ ഇസ്രായേല്‍ നടത്തുന്ന ഖനനങ്ങള്‍ മൂലം മസ്ജിദുല്‍ അഖ്‌സ ഭീഷണി നേരിടുകയാണെന്ന് ഹയര്‍ ഇസ്‌ലാമിക് കൗണ്‍സില്‍ മേധാവി ശെയ്ഖ് എക്രിമ സബ്രി. മസ്ജിദുല്‍ അഖ്‌സയെ ഇല്ലാതാക്കാനും അതിന്റെ ഇസ്‌ലാമിക സ്വത്വം മാറ്റാനും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നത്. പള്ളിയുടെ അടിത്തറ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ നടത്തുന്നു. അത് മൂലം ചുവരുകളിലും അങ്കണങ്ങളിലും വിള്ളലുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് അവിടെ ടെമ്പിള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



പുരാവസ്തു ഗവേഷണം എന്ന പേരിലാണ് സയണിസ്റ്റ് ഭരണകൂടം ജെറുസലേമിലെ പഴയനഗരത്തില്‍ ഖനനം നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിരവധി തുരങ്കങ്ങളും അവര്‍ സ്ഥാപിച്ചു. ബാബ് അല്‍ സില്‍സിലയില്‍ നിന്നും മസ്ജിദുല്‍ അഖ്‌സയുടെ പടിഞ്ഞാറന്‍ മതിലിന് സമീപത്തേക്ക് 500 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചിട്ടുണ്ട്. മറ്റൊരു ടണല്‍ ബാബ് അല്‍ സില്‍സിലയില്‍ നിന്നും ഖാലിദിയ ലൈബ്രറി വരെയാണ്. സില്‍വാന്‍ ഗെയ്റ്റ് മുതല്‍ മുഗ്‌റാബി ഗെയ്റ്റ് വരെ മറ്റൊരു ടണലും നിര്‍മിച്ചു. ദമസ്‌കസ് ഗെയ്റ്റ്(ബാല്‍ അല്‍ അമൂദ്) മുതലുള്ള തുരങ്കം ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. ഇസ്രായേലിന്റെ ഈ ടണല്‍ നിര്‍മാണം ജെറുസലേമിനെ ജൂതവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.