ഗസയിലേക്കുള്ള വൈദ്യുതി വിഛേദിച്ച് ഇസ്രായേല്‍; വിലകുറഞ്ഞ ബ്ലാക്ക്‌മെയ്‌ലിങ്ങെന്ന് ഹമാസ്

Update: 2025-03-10 02:38 GMT

തെല്‍അവീവ്: ഗസയിലേക്കുള്ള വൈദ്യുതി വിഛേദിച്ച് ഇസ്രായേല്‍. ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും മരുന്നുകളും ഗസയിലേക്ക് കടത്തിവിടുന്നത് തടഞ്ഞതിന് പിന്നാലെയാണ് വൈദ്യുതിയും വിഛേദിച്ചിരിക്കുന്നത്. ഗസയില്‍ ഹമാസ് ബാക്കിയുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ എന്തും ചെയ്യുമെന്ന് ഇസ്രായേലി ഊര്‍ജമന്ത്രി എലി കോഹന്‍ പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കുമെന്ന ഇസ്രായേലി തീരുമാനം വിലകുറഞ്ഞ ബ്ലാക്ക്‌മെയിലിങ്ങാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. '' ഫലസ്തീനികളെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള തീവ്രശ്രമമാണ് ഇസ്രായേല്‍ നടത്തുന്നത്. ഇതിനെയും നേരിടും.''ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അംഗം ഇസ്സത്ത് അല്‍റിഷ്‌ക് പ്രസ്താവനയില്‍ പറഞ്ഞു.

ഗസയിലേക്കുള്ള വൈദുതി വിഛേദിക്കുന്നത് കുടിവെള്ള സംസ്‌കരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റപ്പോട്ടറായ ഫ്രാഞ്ചെസ്‌ക ആല്‍ബനീസ് പറഞ്ഞു. സമുദ്ര ജലത്തില്‍ നിന്നും ഉപ്പ് നീക്കം ചെയ്യുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കില്ല. ഇതോടെ ഗസയിലെ കുടിവെള്ളം മുട്ടും. ഇതൊരു വംശഹത്യാ പദ്ധതിയാണ്. ഇസ്രായേലിന് എതിരെ നിലപാട് എടുക്കാത്ത രാജ്യങ്ങള്‍ വംശഹത്യയില്‍ അവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഫ്രാഞ്ചെസ്‌ക ആല്‍ബനീസ് പറഞ്ഞു.