ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്ന് ഇസ്രായേല്‍
തെല്‍അവീവ്: ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. ''സ്വന്തം ഇഷ്ടത്തിന്'' ഗസ വിട്ടുപോവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനുള്ള ഏജന്‍സിയാണ് രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഏജന്‍സി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതതല ചര്‍ച്ചകള്‍ ഇന്നലെ ഇസ്രായേലില്‍ നടന്നു. ഗസക്കാരെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് അനുസൃതമായാണ് ഇസ്രായേല്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഗസയില്‍ നിന്നും ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു മാര്‍ക്കോ റൂബിയോ ഇങ്ങനെ പറഞ്ഞത്. മാര്‍ക്കോ റൂബിയോ എത്തുന്നതിന് മുമ്പായി തന്നെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനും കെട്ടിടങ്ങള്‍ തകര്‍ക്കാനും യുഎസ് കൊടുത്തയച്ച ഹെവി ബോംബുകള്‍ ഇസ്രായേലില്‍ എത്തിയിരുന്നു. 2000 പൗണ്ട് തൂക്കം വരുന്ന എംകെ84 ബോംബുകളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യില്‍ എത്തിയിരിക്കുന്നത്. ഏകദേശം 20000 ബോംബുകളും 3000 മിസൈലുകളുമാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ ഇവ ഉപയോഗിക്കാനുള്ള വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വെടിയുണ്ടകളും എത്തിച്ചിട്ടുണ്ട്. ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഈ ബോംബുകള്‍ ഇസ്രായേലിന് നല്‍കിയിരുന്നു. പിന്നീട് വിലക്കി. എന്നാല്‍, ട്രംപ് അധികാരത്തില്‍ വന്നതോടെ നിരോധനം നീക്കുകയായിരുന്നു.
