സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍; പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയും ആക്രമണം (video)

Update: 2025-07-16 13:16 GMT

ദമസ്‌കസ്: സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിനും പ്രസിഡന്റിന്റെ കൊട്ടാരത്തിനും നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. വംശീയ സംഘര്‍ഷം നടക്കുന്ന അല്‍ സുവായ്ദ, ധര എന്നീ പ്രദേശങ്ങളിലും കനത്ത വ്യോമാക്രമണമാണ് നടന്നത്. അല്‍ സുവായ്ദയില്‍ സിറിയന്‍ സൈന്യത്തിന്റെ വാഹനം തകര്‍ത്തു. ആക്രമണങ്ങളില്‍ മരണങ്ങളുണ്ടെന്ന് സിറിയന്‍ സ്‌റ്റേറ്റ് ടിവി അറിയിച്ചു. താല സൈനിക വിമാനത്താവളത്തിലും ആക്രമണമുണ്ടായി. ഡ്രൂസ് വിഭാഗങ്ങളും അറബ് വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ സിറിയന്‍ സൈന്യത്തിന് നേരെ ഇസ്രായേല്‍ വ്യാപകമായ ആക്രമണം നടത്തുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

സിറിയയില്‍ ഇസ്രായേല്‍ ശക്തമായി ഇടപെടണമെന്ന് ഇസ്രായേലിലെ ഡ്രൂസ് വിഭാഗത്തിന്റെ നേതാവായ ശെയ്ഖ് മൗഫാഖ് താരിഫ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. സിറിയക്കെതിരായ കനത്ത അടികള്‍ തുടങ്ങിയതായി ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇന്ന് മാത്രം ഏകദേശം 160 വ്യോമാക്രമണങ്ങള്‍ ഇസ്രായേല്‍ സിറിയയില്‍ നടത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ ദിവസങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. സിറിയയില്‍ കടന്ന ഇസ്രായേലി ഡ്രൂസുകളോട് തിരികെ വരാന്‍ നെതന്യാഹു ആവശ്യപ്പെട്ടു.