തെല്‍അവീവ്: ഇറാനില്‍ അതിശക്ത ആക്രമണം നടത്തുന്ന കാര്യത്തില്‍ യുഎസും ഇസ്രായേലും തമ്മില്‍ ധാരണയായെന്ന് ഇസ്രായേലി മാധ്യമമായ ചാനല്‍14. ഇക്കഴിഞ്ഞ ഞായറാഴ്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഇങ്ങനെയൊരു തീരുമാനമുണ്ടായെന്നാണ് റിപോര്‍ട്ട് പറയുന്നത്. അതിവേഗത്തില്‍ പെട്ടെന്ന് 'ക്ലീന്‍' ആയ ഓപ്പറേഷന്‍ നടത്തണമെന്നാണ് യുഎസിന്റെ നിലപാട്.
യുഎസിന്റെ വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും ഇതിനകം തന്നെ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കൂടുതല്‍ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വിവിധ താവളങ്ങളിലും എത്തിച്ചുകഴിഞ്ഞു. ഏതൊരു ആക്രമണത്തെയും പൂര്‍ണയുദ്ധമായി കാണുമെന്നാണ് ഇറാന്റെ നിലപാട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എത്തിയത് കൊണ്ട് ഇറാന്റെ നയത്തില്‍ മാറ്റമുണ്ടാവില്ല. ഇറാനെതിരായ ആക്രമണം തങ്ങള്‍ക്കെതിരായ ആക്രമണമായി കാണുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് ഖാസിം നഈം ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.