യുഎസ് പിന്തുണയില്ലാതെ ഇസ്രായേലിന് ഒരാഴ്ച യുദ്ധം ചെയ്യാനാവില്ല: ഇറാന്‍ സ്പീക്കര്‍
തെഹ്‌റാന്‍: യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രായേലിന് ഒരാഴ്ച യുദ്ധം ചെയ്യാനാവില്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചത് യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെ മാത്രമാണെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്റെ വിജയത്തിന് കാരണം മിസൈലുകളല്ല, മറിച്ച് സര്‍ക്കാരിനുള്ള ജനകീയ പിന്തുണയാണ്. ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഒരു മിസൈലിനും പ്രതിരോധം തീര്‍ക്കാനാവില്ല. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഇറാനില്‍ വലിയ നാശങ്ങളുണ്ടായി. പക്ഷേ, ആറാം ദിവസം തന്നെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വെടിനിര്‍ത്തലിനെ കുറിച്ച് ഞങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കാന്‍ തുടങ്ങി. ഇസ്രായേല്‍ പരാജയപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇസ്രായേല്‍ ഞങ്ങളെ സൈനികമായി ആക്രമിച്ചു. ഞങ്ങള്‍ അവരെ സൈനികമായി ശിക്ഷിച്ചു. പക്ഷേ, യുദ്ധം കഴിഞ്ഞിട്ടും ശത്രു മനശാസ്ത്ര യുദ്ധം നടത്തുകയാണ്. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരേ ജനങ്ങളെ അണിനിരത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.