ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതായി ഹമാസ്. മൂന്നു ജൂതന്‍മാര്‍ക്ക് പകരം നിരവധി ഫലസ്തീനികളെ ഇസ്രായേല്‍ നാളെ മോചിപ്പിക്കേണ്ട പശ്ചാത്തലത്തിലാണ് ഹമാസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഗസയിലേക്ക് ഭക്ഷണവും മരുന്നുമായി വരുന്ന വാഹനങ്ങളെ ഇസ്രായേലി സൈന്യം തടയുകയാണെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ നാളെ വിട്ടയക്കേണ്ട ഇസ്രായേലികളുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടില്ല.
ഗസയില്‍ എത്തേണ്ടിയിരുന്ന 12,000 ലോറികളില്‍ 8,500 എണ്ണത്തെ മാത്രമേ ഇസ്രായേല്‍ പ്രവേശിപ്പിച്ചുള്ളൂയെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അതില്‍ പലതും ചിപ്‌സും ചോക്ലേറ്റും മറ്റും മാത്രമുള്ള ലോറികളാണ്. ഭക്ഷണവും മരുന്നും കൊണ്ടുവരുന്ന വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയുകയാണ്. ഇസ്രായേലി ബോംബാക്രമണത്തില്‍ കെട്ടിടങ്ങളും വീടുകളും തകര്‍ന്നതിനാല്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ രണ്ടു ലക്ഷം ടെന്റുകളും 60,000 കാരവനുകളും എത്തണമായിരുന്നു. ഇതില്‍ പത്ത് ശതമാനം മാത്രമേ ഗസയില്‍ എത്തിയിട്ടുള്ളൂ. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ഭാരമേറിയ യന്ത്രങ്ങളെയും അതിര്‍ത്തിയില്‍ തടയുകയാണ്. ഇതെല്ലാം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.