റാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍

Update: 2025-05-31 13:15 GMT

തെല്‍അവീവ്: വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റി ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്താനുള്ള സൗദിയുടെയും യുഎഇയുടെയും ഖത്തറിന്റെയും ഈജിപ്തിന്റെയും ജോര്‍ദാന്റെയും ശ്രമം ഇസ്രായേല്‍ തടഞ്ഞു. 'ഇസ്രായേല്‍-ഫലസ്തീന്‍' പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര ചര്‍ച്ച നടത്താനാണ് അറബ് രാജ്യങ്ങളിലെ മന്ത്രിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റാമല്ലയിലേക്ക് പോവാന്‍ തീരുമാനിച്ചത്. ജോര്‍ദാനില്‍ നിന്നും വെസ്റ്റ്ബാങ്കിലേക്ക് കടക്കണമെങ്കില്‍ ഇസ്രായേലിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇസ്രായേല്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു.

ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നത് ഇസ്രായേലിന്റെ ദേശീയസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇസ്രായേലിന്റെ നടുവില്‍ 'തീവ്രവാദികളുടെ' രാജ്യം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 17-20 തീയ്യതികളില്‍ യുഎസിലെ ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗത്തിന്റെ ഭാഗമായാണ് അറബ് നേതാക്കള്‍ റാമല്ലയില്‍ എത്താന്‍ ശ്രമിച്ചത്. ഫ്രാന്‍സും സൗദി അറേബ്യയുമായാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് നേതൃത്വം വഹിക്കുന്നത്.