സൊമാലി ലാന്‍ഡിനെ അംഗീകരിച്ച് ഇസ്രായേല്‍; എതിര്‍ത്ത് തുര്‍ക്കിയും ഈജിപ്തും
മൊഗദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍. ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍ രാഷ്ട്രവുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്പടിയുടെ ഭാഗമായാണ് നടപടി. സൊമാലിലാന്‍ഡിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അബ്ദിറഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിനും ഫോണിലൂടെ സംസാരിച്ചു. അബ്ദി റഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലാഹി ഇസ്രായേല്‍ സന്ദര്‍ശിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേലി നടപടി തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് സൊമാലിയ സര്‍ക്കാര്‍ അറിയിച്ചു. സൊമാലിലാന്‍ഡ്, സൊമാലിയയുടെ അവിഭാജ്യ ഘടകമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രായേലി തീരുമാനത്തെ ഈജിപ്തും തുര്‍ക്കിയും ജിബൂത്തിയും തള്ളി. സൊമാലിയക്കൊപ്പമാണ് തങ്ങളെന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
1991ല്‍ സൊമാലിയയില്‍ നിന്നും തങ്ങള്‍ വിട്ടുപോയെന്നാണ് സൊമാലിലാന്‍ഡിലെ രാഷ്ട്രീയക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതുവരെ ഒരു യുഎന്‍ അംഗരാജ്യവും ഇത് അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎഇ, സൊമാലിലാന്‍ഡുമായി അടുത്തബന്ധം പുലര്‍ത്തുന്നു. സൊമാലി ലാന്‍ഡിന് അംഗീകാരം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊമാലിലാന്‍ഡിലെ ബെര്‍ബെറയില്‍ യുഎഇക്ക് വലിയ സൈനിക സന്നാഹമുണ്ട്. സമുദ്രത്തിലെ നിയന്ത്രണം നിലനിര്‍ത്താനും യെമനിലെ ഓപ്പറേഷനുകള്‍ക്കും യുഎഇയെ ഇത് സഹായിക്കുന്നു. ബാബ് അല്‍ മന്ദെബ് കടലിടുക്കിന് സമീപത്തെ വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ ഈ പ്രദേശം അനിവാര്യമാണെന്ന് യുഎസും വിലയിരുത്തുന്നു.
